
ഒരു തരത്തിൽ വി.ഐ.പി പോരാട്ടം നടക്കുന്ന മണ്ഡലമാണ് വടകര. കണ്ണൂർ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പും കോഴിക്കോട്ടെ അഞ്ച് നിയോജകമണ്ഡലങ്ങളുൾപ്പെട്ട ഇവിടെ നിയമസഭയിലേക്ക് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ജയിച്ച കെ.കെ.ശൈലജയും ഇ.ശ്രീധരനെതിരെ കടുത്ത പോരാട്ടം നടത്തി പാലക്കാട് നിലനിർത്തിയ ഷാഫി പറമ്പിലും തമ്മിലുള്ള പോരാട്ടം വലിയ ശ്രദ്ധ നേടുകയാണ്. കെ.കെ.ശൈലജ കേരളകൗമുദിയോട് പ്രതീക്ഷകൾ പങ്കുവെക്കുന്നു.
വടകര തിരിച്ചുപിടിക്കുന്നതിൽ ടീച്ചറുടെ പ്രതീക്ഷ എത്രത്തോളമുണ്ട്?
നൂറു ശതമാനം വിജയസാദ്ധ്യതയാണ് .പ്രചാരണ വേളയിൽ നല്ല സ്വീകാര്യതയാണ് കാണുന്നത്. നല്ല ഭൂരിപക്ഷം ലഭിക്കും.
കെ മുരളീധരന് പകരം ഷാഫി പറമ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തിയതിനെ എങ്ങനെ കാണുന്നു?
വലിയ പ്രത്യേകത ഒന്നും കാണുന്നില്ല രണ്ടുപേരും യു.ഡി.എഫ് ആണ് .അത്രമാത്രം
സംസ്ഥാന സർക്കാരിന്റെ ഭരണ വിലയിരുത്തൽ കൂടിയായി ഈ തിരഞ്ഞെടുപ്പ് മാറില്ലേ ?
സംസ്ഥാന സർക്കാറിന് എതിരായിട്ട് വലിയ അഭിപ്രായം വരാൻ ഇടയില്ല കാരണം കഴിഞ്ഞ ഏഴ് വർഷമായി വലിയ വികസന പ്രവർത്തനമാണ് ഇവിടെ നടക്കുന്നത് ക്ഷേമ പദ്ധതികൾ തടസ്സപ്പെട്ടത് ചർച്ചയാകും പക്ഷേ ഇതിന് ഉത്തരവാദി സംസ്ഥാന സർക്കാർ അല്ല കേന്ദ്രസർക്കാർ ആണ്. വിഹിതം കൃത്യമായി നൽകാതെ പ്രതിസന്ധി സൃഷ്ടിച്ചത് കേന്ദ്രസർക്കാരാണ്. ഇത് ജനം തിരിച്ചറിയും പിന്നെ ഒരു കാരണവുമില്ലാതെ പ്രതിപക്ഷം അഴിമതി ആരോപിക്കുകയാണ്.
കൊവിഡ് കാലത്തെ മുന്നണി പോരാളികളായ എൻ.എച്ച്.എം ജീവനക്കാർക്ക് 60 ദിവസമായി ശമ്പളമില്ല മുൻ ആരോഗ്യമന്ത്രി കൂടിയായ ടീച്ചർ ഇതിനെ എങ്ങനെ കാണുന്നു?
എൻ.എച്ച്.എം ജീവനക്കാർ കരാറുകാരാണ്. മിഷന്റെ ദൗത്യം പൂർത്തിയാവുന്നത് വരെ തുടരേണ്ടവരാണ് ദൗത്യം പൂർത്തിയായില്ല എന്നാൽ ഇവരെ പിരിച്ചുവിടാനാണ് കേന്ദ്രം പറയുന്നത്. കേന്ദ്രവിഹിതം കൃത്യമായി ലഭിച്ചാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടും
സിദ്ധാർത്ഥിന്റെ മരണം, ടി. പി ചന്ദ്രശേഖരൻ വധം ഇതൊക്കെ വടകരയിൽ ചർച്ച വിഷയമാണല്ലോ?
ഒരു മരണത്തെയും കുറച്ച് കാണുന്നില്ല ആരും കൊല ചെയ്യപ്പെടരുത് .ഇതൊക്കെ ചർച്ച വിഷയം ആകുമ്പോൾ ധീരജിന്റെ മരണവും ചർച്ചാവിഷയമാക്കേണ്ടേ. എത്ര ക്രൂരമായിട്ടാണ് ആ കുട്ടിയെ കൊന്നത്.
ആദ്യ വനിതാ മുഖ്യമന്ത്രിയായി സമൂഹവും കാണുന്ന താങ്കളെ പാർട്ടി കേന്ദ്രത്തിലേക്ക് പറഞ്ഞുവിടുന്നു എന്ന ആരോപണത്തെ എങ്ങനെ കാണുന്നു?
എന്നെ അന്തമാൻ നിക്കോബർ ദ്വീപിലേക്ക് പറഞ്ഞുവിടുന്നത് ആണോ ?ഈ രാജ്യത്തിന്റെ പരമോന്നത നിയമനിർമ്മാണ സഭയിലേക്ക് അവസരം പാർട്ടി തരുന്നതിനെ കുറച്ചു കാണുകയാണോ. പാർലമെന്റിൽ നാടിനായി ശബ്ദം ഉയർത്താൻ സാധിക്കും. പാർലമെന്റ് സമ്മേളനം നടക്കുമ്പോഴല്ലേ ഞാൻ അവിടെ വേണ്ടു, ബാക്കി സമയം നാട്ടിലില്ലേ . പാർലമെന്റിലേക്ക് അയക്കുക എന്നത് പാർട്ടി നൽകിയ പരിഗണനയാണ്.
കേരളത്തിൽ എത്ര സീറ്റ് എൽ.ഡി.എഫിന് കിട്ടും എന്നാണ് താങ്കളുടെ വിലയിരുത്തൽ ?
15 ൽ കൂടുതൽ സീറ്റ് ലഭിക്കും.