കാസർകോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ടോക്കൺ നൽകിയതിലുള്ള തർക്കത്തിന്റെ പേരിൽ കാസർകോട് ജില്ലാ വരണാധികാരിയായ കളക്ടർ കെ. ഇമ്പശേഖരന്റെ ഓഫീസിന് മുന്നിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനും യു.ഡി.എഫ് എം.എൽ.എമാരായ എ.കെ.എം അഷ്റഫും എൻ.എ നെല്ലിക്കുന്നും കുത്തിയിരുന്ന് പ്രതിഷേധിച്ചു. മറ്റ് നേതാക്കളും യു.ഡി.എഫ് പ്രവർത്തകരും സ്ഥലത്തെത്തിയെങ്കിലും പുറത്തെ ഗേറ്റിൽ പൊലീസ് തടഞ്ഞതിനാൽ സംഘർഷം ഒഴിവായി.
രാവിലെ മുതൽ ടോക്കണിനായി സിവിൽ സ്റ്റേഷനിലെ ക്യൂവിൽ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കൺ നൽകാതെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് നൽകി എന്നാരോപിച്ചാണ് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതിഷേധിച്ചത്. ഏറെനേരം വാക്ക് തർക്കവും ബഹളവും ഉണ്ടായി. രാവിലെ 10 മണിയോടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. അഭ്യാസമിറക്കേണ്ടെന്നും രാഷ്ട്രീയം കളിക്കാനാണെങ്കിൽ കളക്ടർ വേണ്ടല്ലോയെന്നും പറഞ്ഞാണ് ഉണ്ണിത്താൻ പ്രതിഷേധിച്ചത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണൻ രാവിലെ പത്തരയ്ക്കും രാജ്‌മോഹൻ ഉണ്ണിത്താൻ 11നും 12നും ഇടയിലും പത്രിക നൽകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ രാജ്‌മോഹൻ ഉണ്ണിത്താൻ രാവിലെ ഒമ്പതിനുതന്നെ എത്തി കളക്ടറുടെ ഓഫീസിന് മുന്നിൽ ടോക്കൺ വാങ്ങാൻ കാത്തുനിന്നു. പക്ഷേ രാവിലെ ഏഴിനു തന്നെ താൻ കളക്ട്രേറ്റിൽ എത്തിയെന്നും സി.സി.ടി.വി ക്യാമറ പരിശോധിച്ചാൽ മനസിലാകുമെന്നും ഇടതുസ്ഥാനാർത്ഥി എം.വി ബാലകൃഷ്ണന്റെ പ്രതിനിധി അസീസ് കടപ്പുറം പറഞ്ഞു. ടോക്കൺ അനുവദിക്കുമ്പോൾ ആദ്യം എത്തിയത് അസീസ് കടപ്പുറമാണെന്നായിരുന്നു ഓഫീസിൽ നിന്നുള്ള മറുപടി.
ഇതോടെയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പ്രതിഷേധിച്ചത്. പൊലീസ് ഇടപെട്ട് അനുനയത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസുമായി വാക്ക് തർക്കവും ഉണ്ടായി. സി.പി.എം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി.എച്ച് കുഞ്ഞമ്പുവും രാജ്‌മോഹൻ ഉണ്ണിത്താനോട് അനുനയത്തിലുള്ള ശ്രമം നടത്തി. എന്നാൽ സ്ഥാനാർത്ഥി എന്ന നിലയിൽ താനാണ് ആദ്യം എത്തിയതെന്നും അത് അവഗണിച്ച് മറ്റൊരാൾക്ക് പത്രിക സമർപ്പണത്തിന് അവസരം നൽകുന്നത് തെറ്റായ നടപടിയാണെന്നും നിലപാട് ആവർത്തിച്ചു.
ഇരുവരും ഒരേസമയം പത്രിക നൽകി
പ്രതിഷേധം തുടരുന്നതിനിടയിൽ തന്നെ ഇടതുമുന്നണി സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണൻ പത്രിക സമർപ്പണത്തിനായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ നേതൃത്വത്തിൽ നേതാക്കൾ പ്രവർത്തകർക്കുമൊപ്പം പ്രകടനമായി കളക്‌ട്രേറ്റിലെത്തി. ഇതിനിടെയുണ്ടായ അനുനയ നീക്കങ്ങൾക്കൊടുവിൽ എം.വി ബാലകൃഷ്ണൻ ജില്ലാ കളക്ടർ മുമ്പാകെയും രാജ്‌മോഹൻ ഉണ്ണിത്താൻ റവന്യു റിക്കവറി ഡെപ്യുട്ടി കളക്ടർ പി. ഷാജു മുമ്പാകെയും 11 മണിക്ക് ഒരേ സമയം പത്രിക നൽകി പിരിഞ്ഞുപോയി.