sudhakaran
യു.ഡി.എഫ്. സ്ഥാനാർത്ഥി കെ. സുധാകരൻ വരണാധികാരിയായ കളക്ടർ അരുൺ കെ. വിജയൻ മുമ്പാകെ പത്രിക സമർപ്പിക്കുന്നു

കണ്ണൂർ: പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ. സ്ഥാനാർഥികൾ ഇന്നലെ പത്രിക സമർപ്പിച്ചു. പ്രകടനമായെത്തി വരണാധികാരിയായ കളക്ടർ അരുൺ കെ. വിജയൻ മുമ്പാകെയാണ് മൂവരും പത്രിക സമർപ്പിച്ചത്.

കാൾടെക്സിലെ ഇലക്ഷൻ കമ്മറ്റി ഓഫീസിൽ നിന്ന് പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി കെ. സുധാകരൻ പത്രിക സമർപ്പിച്ചത്. പത്രികാസമർപ്പണത്തിന് മുന്നോടിയായി പയ്യാമ്പലത്തെ മുൻകാല നേതാക്കളുടെ സ്മൃതി കുടീരങ്ങളും സന്ദർശിച്ചു. നാല് സെറ്റ് പത്രികയാണ് നൽകിയത്. ഡമ്മി സ്ഥാനാർത്ഥിയായി ചന്ദ്രൻ തില്ലങ്കേരിയും പത്രിക നൽകി. ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, എം.എൽ.എമാരായ അഡ്വ. സണ്ണി ജോസഫ്, സജീവ് ജോസഫ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം.വി. ജയരാജൻ മൂന്നു സെറ്റ് പത്രിക സമർപ്പിച്ചു. ഡമ്മി സ്ഥാനാർത്ഥിയായി എൻ. ചന്ദ്രനും പത്രിക സമർപ്പിച്ചു. കാൽടെക്സിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഭരണഘടനയുടെ ആമുഖം വായിച്ചതിനു ശേഷമാണ് റാലിയായി കളക്ടറേറ്റിലെത്തിയത്. എൽ.ഡി.എഫ് നേതാക്കളായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി, എൻ. ചന്ദ്രൻ, സി.പി സന്തോഷ് കുമാർ എന്നിവർ കൂടെയുണ്ടായിരുന്നു
എൻ.ഡി.എ. സ്ഥാനാർത്ഥി സി. രഘുനാഥ് രണ്ട് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. റോഡ് ഷോ നടത്തിയ ശേഷമാണ് പത്രിക സമർപ്പിച്ചത്. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി, സംസ്ഥാന സെക്രട്ടറി എൻ. ശ്രീകാന്ത്, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, അഡ്വ. അംബികാസുതൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.