കാസർകോട്: യുവാവിനെ കൂട്ടികൊണ്ടുപോയി ഒരു സംഘം ക്രൂരമായി മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ. പപ്പായതൊട്ടിയിലെ ഫാറൂഖി(30)നെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞരാത്രി 10 മണിയോടെ അമ്പാർ സ്വദേശിയായ ഒരാൾ ഫാറൂഖിനെ വീട്ടിൽ നിന്ന് കാറിൽ കൂട്ടിക്കൊണ്ടു പോവുകയും ബംബ്രാണ വയലിൽ കാത്തിരുന്ന അഞ്ചംഗ സംഘത്തെയും കൂട്ടി നേരം പുലരും വരെ സൈക്കിൾ ചെയിൻ, ഇരുമ്പ് തണ്ട്, പഞ്ച് എന്നീ ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
രാവിലെ ആറ് മണിയോടെ കാറിൽ ഫാറൂഖിനെ വീട്ടിൽവിട്ടു. ബന്ധുക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. അമ്പാർ സ്വദേശി നല്കിയ വിവരത്തെ തുടർന്ന് ഉപ്പളയിലെ ഒരു ഓട്ടോ ഡ്രൈവർ വീട്ടിൽ എത്തിയപ്പോൾ ഫാറൂഖ് അബോധാവസ്ഥയിലായിരുന്നു. ഉടനെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ദേർളക്കട്ടയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വീട്ടിൽ എത്തിക്കും മുമ്പ് നിർബന്ധിച്ച് ഉറക്കഗുളിക കഴിപ്പിച്ചിരുന്നതായും ഫാറൂഖ് പറഞ്ഞു. തലക്കും കാലിനുമാണ് പരിക്ക്. സംഭവത്തിൽ കിരൺ, ഇർഷാദ് എന്നിവർക്കും മറ്റ് ചിലർക്കുമെതിരെ പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പൊലീസ് അന്വേഷണം നടത്തിവരികയാണ്.