
മട്ടന്നൂർ: മട്ടന്നൂർ ഗവ.പോളിടെക്നിക് കോളേജിലെ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ മൂന്നാം വർഷ പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച പ്രോഗ്രാമബിൾ ലോജിക് കൺട്രോളർ (പി.എൽ.സി) അസോസിയേഷൻ ഒഫ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് മട്ടന്നൂരിന്റെ (എ.ഐ.ഇ.എം) ആഭിമുഖ്യത്തിൽ നടന്ന എക്സിബിഷനിൽ, ഓട്ടോമേഷൻ ലബോറട്ടറിക്കു വേണ്ടി കോളേജ് പ്രിൻസിപ്പൽ പ്രമോദ് ചാത്തമ്പള്ളിക്ക് കൈമാറി. വിദ്യാർത്ഥികൾ നിർമ്മിച്ച വിവിധ ആപ്ളിക്കേഷൻ മൊഡ്യൂളുകളുടെ കൺട്രോൾ പി.എൽ.സി മുഖേന പ്രവർത്തന ക്ഷമത പരിശോധിച്ചതിന് ശേഷമാണ് കൈമാറിയത്. വിവിധ ഇൻഡസ്ട്രികളിൽ ഓട്ടോമേഷനും കൺട്രോളിനും ഉപയോഗിക്കുന്ന പി.എൽ.സി, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് തുടങ്ങിയ ബ്രാഞ്ച് വിദ്യാർത്ഥികൾക്ക് ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ആൻഡ് കൺട്രോൾ പ്രാക്ടീസ് ചെയ്യാനുള്ള ലാബ് മൊഡ്യൂളാണ്.
മാർക്കറ്റ് വിലയുടെ പകുതി വിലയിൽ പി.എൽ.സി ട്രെയിനർ കിറ്റ് നിർമ്മിക്കാൻ കഴിയുമെന്ന് വിദ്യാർത്ഥികൾ അവകാശപ്പെട്ടു. ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റ് മേധാവി കെ.ഷാമില,ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് ലക്ചററും പ്രോജക്ട് കോഓർഡിനേറ്ററുമായ സി.സലാഹ് എന്നിവർ പങ്കെടുത്തു.