കാസർകോട്: നാമനിർദേശപത്രിക സമർപ്പണത്തിനിടയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി കളക്ടറേറ്റിൽ നടത്തിയ പൊറാട്ട് നാടകം പരിഹാസ്യമാണെന്ന് സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി സി.എച്ച് കുഞ്ഞമ്പു എം.എൽ.എ. വരണാധികാരി നേരത്തെ രാഷ്ട്രീയപാർടികളെ അറിയിച്ച മാർഗ നിർദ്ദേശമനുസരിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പത്രിക നൽകാനെത്തിയത്. സ്ഥാനാർത്ഥിയുടെ നാമനിർദേശകൻ അസീസ് കടപ്പുറം അതിരാവിലെ വരാണാധികാരിയുടെ ഓഫീസിലെത്തി തിരഞ്ഞെടുപ്പ് ഡസ്‌ക്കിൽ നിന്ന് ടോക്കൺ വാങ്ങിയിരുന്നു.
തിരഞ്ഞെടുപ്പ് കമീഷൻ ഏർപ്പെടുത്തിയ വീഡിയോയിലും അവിടെയുള്ള സിസി ടിവി ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്. ഇത് കഴിഞ്ഞെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി തനിക്ക് ആദ്യ ടോക്കൺ നൽകണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയായിരുന്നു. ആദ്യമെത്തിയത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശകനാണെന്ന് വരണാധികാരി വ്യക്തമാക്കിയിട്ടും ഗൗനിക്കാതെ വായിൽ തോന്നിയത് വിളിച്ചുപറഞ്ഞ് പരിഹാസ്യമാവുകയായിരുന്നു എം.പി. ഉത്തരവാദപ്പെട്ട ജനപ്രതിനിധിയെന്ന നിലയിലുള്ള മാന്യതപോലും കാണിക്കാതെ എം.പി കാട്ടികൂട്ടിയ പേക്കൂത്ത് ജനാധിപത്യസമൂഹത്തിന് അപമാനമാണെന്ന് സി.എച്ച് കുഞ്ഞമ്പു പറഞ്ഞു.