
കണ്ണൂർ: തിരഞ്ഞെടുപ്പുകൾ തോറും കള്ളവോട്ട് ആരോപണം ഉയരാറുള്ള കണ്ണൂരിൽ പഴുതടക്കാൻ ക്രമീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ബൂത്തുകൾ വെബ്കാസ്റ്റിംഗ് ഉണ്ടാകുമെന്നതിനാൽ ഒരു ശതമാനം കള്ളവോട്ട് പോലുമുണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ ഉറപ്പ്. ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാത്ത ബൂത്തുകളിൽ പരിഹാരശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇവിടങ്ങളിൽ ബദലായി സി.സി ടി.വി, വീഡിയോ ഷൂട്ടിംഗ് എന്നിവയുണ്ടാകും. പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേന ഉൾപ്പെടെ ഉണ്ടാകും.
അമ്പുകൊള്ളാത്തവരില്ല മുന്നണികളിൽ..
കണ്ണൂരിൽ കള്ളവോട്ടിനെ സംബന്ധിച്ചുള്ള പഴി ഒരു മുന്നണിയിൽ മാത്രം ഒതുങ്ങില്ല. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ദൃശ്യങ്ങൾ പുറത്തുവിട്ടാണ് എൽ.ഡി.എഫും യു.ഡി.എഫും ആരോപണങ്ങൾ ഉന്നയിച്ചത്. തളിപ്പറമ്പിൽ യു.ഡി.എഫ് പ്രവർത്തകൻ ഒന്നിലേറെ തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ അടക്കം സി.പി.എം പുറത്തുവിട്ടപ്പോൾ പിലാത്തറയിൽ വ്യാപക കള്ളവോട്ട് നടന്നുവെന്ന യു.ഡി.എഫ് ആരോപണം സ്ഥിരീകരിച്ച് റീ കൗണ്ടിംഗും നടന്നു. പേരാവൂർ, മട്ടന്നൂർ, ധർമടം, തളിപ്പറമ്പ് നിയമസഭാ മണ്ഡലങ്ങളിലായി സി.പി.എമ്മിനെതിരെ യു.ഡി.എഫ് പരാതി നൽകിയിരുന്നു. പാമ്പുരുത്തി മാപ്പിള യു.പി.എസിൽ 12 കള്ളവോട്ടുകൾ ചെയ്‌തെന്ന കേസിൽ ഒമ്പത് മുസ്ലിംലീഗ് പ്രവർത്തകർക്കെതിരേ കേസെടുത്തിരുന്നു.
കള്ളവോട്ടുകൾ കൂടുതലും
സ്ഥലത്തില്ലാത്തവരുടെയോ പോളിംഗ് സമയം കഴിയാറായിട്ടും ബൂത്തിലെത്താത്തവരുടെയോ വോട്ട് ചെയ്യുക
മരിച്ചവരുടെ വോട്ട് രേഖപ്പെടുത്തൽ (2019 മുതൽ വോട്ടേഴ്സ് ലിസ്റ്റ് ഏറെക്കുറേ കൃത്യവും കണിശവുമായതിനാൽ സാദ്ധ്യത കുറവ്)
ബൂത്തുകളിൽ എതിർപാർട്ടി പ്രതിനിധികളെ അനുവദിക്കാതെ എതിരാളികളുടെ വോട്ട് ചെയ്യൽ
68ാംതവണയും മാറ്റിയ കള്ളവോട്ട് കേസ്
2014ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലെ ഏരുവേശ്ശി കെ.കെ.എൻ.എം എ.യു.പി സ്‌കൂളിലെ 109ാം ബൂത്തിൽ സി.പി.എം 57 കള്ളവോട്ടുകൾ ചെയ്‌തെന്ന കേസ് ഈയടുത്താണ് ഹൈക്കോടതി മാറ്റിവച്ചത്. ഇത് 68ാമത്തെ തവണയാണ് ഈ കേസ് മാറ്റിയത്. ഇരുപത് സി.പി.എം പ്രവർത്തകരും അഞ്ച് പോളിംഗ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 25 പേർ പ്രതികളായ കേസാണിത്.
ഓപ്പൺവോട്ടിൽ ശ്രദ്ധ
ഓപ്പൺവോട്ടിൽ ശ്രദ്ധയൂന്നാനാണ് പാർട്ടിനേതൃത്വം അണികൾക്ക് ഇപ്പോൾ നൽകുന്ന നിർദ്ദേശം. അവശതയുള്ള വോട്ടർ നേരിട്ട് ചെയ്താൽ തങ്ങൾക്കു നഷ്ടമാകുമോ എന്ന് സംശയമുള്ള വോട്ടുകളെല്ലാം ഓപ്പൺവോട്ടുകളാക്കുകയാണ് ലക്ഷ്യം. മദ്ധ്യവയസു പിന്നിട്ടവരുടെ പോലും വോട്ടുകൾ ഓപ്പൺ വോട്ടാക്കുന്ന പ്രവണത സമീപകാലത്തുണ്ട്. പ്രാദേശിക പാർട്ടി പ്രവർത്തകരുടെ നിർബന്ധത്തിൽ നിസ്സഹായതോടെ ഓപ്പൺവോട്ടിന് സമ്മതിക്കുന്നവരും ഏറെയാണ്.
ഒരു വർഷം തടവ് , പിഴ
മറ്റൊരാളുടെ വോട്ട് ചെയ്യാൻ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നത് ജന പ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ചും കുറ്റകരമാണ്. ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. മറ്റൊരാളുടെ തിരിച്ചറിയൽ രേഖ വ്യാജമായിട്ട് ഉണ്ടാക്കിയാണ് വോട്ട് ചെയ്യാൻ ശ്രമിച്ചതെങ്കിൽ വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും കേസ് രജിസ്റ്റർ ചെയ്യും.