തളിപ്പറമ്പ്: പുഷ്പഗിരി ഗാന്ധിനഗർ സ്ട്രീറ്റിലെ ഫാത്തിമ മാതാ കോൺവെന്റിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ബുധനാഴ്ച രാത്രിയാണ് രണ്ട് തവണ അക്രമം നടത്തിയത്. രാത്രി 9.30 ഓടെയായിരുന്നു ആദ്യ ആക്രമണം. മൂന്നുപേർ കോൺവെന്റിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി മുകൾനിലയിലെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനികളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് കല്ലെറിഞ്ഞു.

ഭയം കാരണം ആരും പുറത്തിറങ്ങിയില്ല. പൊലീസിൽ വിവരമറിയിക്കാനും കഴിഞ്ഞില്ല. പിന്നീട് രാത്രി 12 മണിയോടെ വീണ്ടും കല്ലേറ് നടത്തുകയായിരുന്നു. കല്ലേറിന്റെ ശബ്ദം കേട്ടെങ്കിലും ഭയം കാരണം ആരും പുറത്തിറങ്ങിയില്ല. ഇന്നലെ രാവിലെയാണ് കോൺവെന്റിന്റെ മുന്നിലുള്ള ചാപ്പലിന്റെ രണ്ട് ജനൽചില്ലുകൾ കല്ലേറിൽ തകർന്നതായി കണ്ടെത്തിയത്. 24 പെൺകുട്ടികളും മൂന്ന് സിസ്റ്റർമാരുമാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. മദർ ഇൻ ചാർജ്ജ് സിസ്റ്റർ ജ്യോത്സന പൊലീസിൽ പരാതി നൽകി. തലശ്ശേരി അതിരൂപതയുടെ കീഴിലുള്ളതാണ് കോൺവെന്റ്. വിവരമറിഞ്ഞ് തളിപ്പറമ്പ് സെന്റ് മേരീസ് ചർച്ച് വികാരി ഫാ. മാത്യു വേങ്ങക്കുന്നേൽ, ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോർജ് കൊച്ചു വേലിക്കാത്ത്, സെന്റ് മേരീസ് ചർച്ച് മുൻ കോ-ഓർഡിനേറ്റർ അഡ്വ. മാർട്ടിൻ, മാത്യു എം. കോലടി, സിബി പിരിയാനിക്കൽ എന്നിവർ കോൺവെന്റിലെത്തി. പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സി.പി.എം. ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി.രാജേഷ്, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.കെ.സുബൈർ എന്നിവർ കോൺവെന്റ് സന്ദർശിച്ചു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.