vydhyalingam

മാഹി:' മതിപ്പുക്കും മര്യാദക്കും കുറിയ മയ്യഴി മാനിട മക്കളേ.... പെരിയോർകളേ, തായ് മാർകളേ.. ഉങ്കൾ അനൈവരിക്കും മുതൽക്കെൻ വണക്കത്തെ ഊർകിറേൻ ...'-കൈകൾ കൂപ്പി സ്വതസിദ്ധമായ പുഞ്ചിരിയോടെ പുതുച്ചേരിക്കാരുടെ പെരുംതലൈവർ വി.വൈദ്യലിംഗം ഇന്നലെ മയ്യഴിയിൽ വോട്ടഭ്യർത്ഥനയിലാണ്.

വൈദ്യലിംഗത്തെ മയ്യഴിക്കാർക്കെല്ലാം നാല് പതിറ്റാണ്ടുകാലമായി നന്നായറിയാം. രണ്ട് തവണ മുഖ്യമന്ത്രി, മന്ത്രി, സ്പീക്കർ,പ്രതിപക്ഷ നേതാവ്, പി.സി.സി.പ്രസിഡന്റ്, മൂന്ന് പതിറ്റാണ്ടുകാലം എം എൽ എ, നിലവിൽ പാർലമെന്റംഗം -പുതുച്ചേരിയിൽ അദ്ദേഹം വഹിക്കാത്ത പദവികൾ കുറവാണ്. മാഹി സ്വന്തം നാടുപോലെയാണ്. മയ്യഴിയിലെ ഒട്ടുമിക്ക പൊതുപ്രവർത്തകരേയും പേര് വിളിച്ച് സംസാരിക്കുന്നത്ര അടുപ്പം.
ഇന്ത്യാ മുന്നണി സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രചാരണമദ്ധ്യേയാണ് വൈദ്യലിംഗം മാഹിയിൽ എത്തിയത്. മാഹിയുടെ തെക്കൻ അതിർത്തിയായ മാക്കുനിയിലായിരുന്നു തുടക്കം. മാഹി ഇന്ത്യ മുന്നണി ചെയർമാൻ എം.പി അഹമ്മദ് ബഷീറിന്റെ അദ്ധ്യക്ഷതയിലായിരുന്നു അവിടെ യോഗം. എം.എൽ.എമാരായ രമേശ് പറമ്പത്ത് വി.വൈദ്യനാഥൻ എന്നിവരോടൊപ്പം കെ.മോഹനൻ,സത്യൻ കേളോത്ത്, ആവോളം ബഷീർ പി.പി.വിനോദ് എന്നിവരും യോഗത്തിൽ സംസാരിച്ചു. താൻ വിജയിച്ചാൽ പള്ളൂർ അരവിലകത്ത് റെയിൽവെ അടിപ്പാലം യാഥാർത്ഥ്യമാക്കാൻ ആദ്യ പരിഗണന നൽകുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് ഉറപ്പ് നൽകി.വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മാഹി മുൻസിപ്പൽ മൈതാനിയിലാണ് പ്രചാരണം സമാപിച്ചത്.

മോദി നയിക്കുന്നത് ത്രേതായുഗത്തിലേക്ക്
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് തുലച്ച് വൻകിട കുത്തകകൾക്ക് തീറെഴുതിക്കൊടുക്കുന്ന മോദി രാജ്യത്തെ ജനങ്ങളെ ത്രേതായുഗത്തിലേക്ക് നയിക്കുകയാണെന്നായിരുന്നു വൈദ്യലിംഗത്തിന്റെ കുറിക്കുകൊള്ളുന്ന വാക്കുകൾ. ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ഭരണഘടനയെ തന്നെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. വീണ്ടും മോദി ജയിച്ചുവന്നാൽ പൂർവ്വികർ കരുതിവച്ച വിത്തടക്കം വിറ്റുനശിപ്പിക്കും.മാഹിയുടെ ശബ്ദം പാർലിമെന്റിൽ മുഴങ്ങാൻ തനിക്ക് വോട്ടു ചെയ്യണം- ഇന്ത്യ മുന്നണിയുടെ മുതിർന്ന നേതാവ് ഓരോ സ്വീകരണവേദിയിലും മാഹിക്കാരോട് ആവശ്യപ്പെട്ടത് ഇതായിരുന്നു.