jetty
ജെട്ടിയുടെ തൂണുകൾ ദ്രവിച്ച് കമ്പികൾ പുറത്ത് തള്ളിയ നിലയിൽ

പാപ്പിനിശ്ശേരി: മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വളപട്ടണം പുഴയിലെ ഒട്ടുമിക്ക ബോട്ടു ജെട്ടികളും നവീകരിച്ച് ഹൈടെക് പദവിയിലേക്ക് ഉയർത്തിയെങ്കിലും പ്രമുഖമായ രണ്ട് ജെട്ടികളെ പാടെ അവഗണിച്ചു. നിരവധി യാത്രക്കാർ ഇന്നും ഉപയോഗിക്കുന്നതും പഴയ കാലത്ത് വ്യാപാരാവശ്യത്തിനും യാത്രാ ആവശ്യത്തിനും ഉപയോഗിക്കുകയും ചെയ്തിരുന്ന മാങ്കടവ്, കല്ലൂരി ജെട്ടികളാണ് അതിജീവനം കാത്തുകഴിയുന്നത്.
മാങ്കടവിലെ ജെട്ടി വഴി പതിറ്റാണ്ടുകളോളം കടത്തു തോണി പല ഭാഗങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നു. പഴയ കാലത്ത് മഞ്ചരക്ക് ഉൾപ്പെടെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലേക്ക് ചരക്കുകൾ കടത്തിയിരുന്നതും ഇതേ ജെട്ടി വഴിയായിരുന്നു.
വളപട്ടണം പുഴയിൽ പറശ്ശിനിക്കടവിനും മാട്ടൂലിനും ഇടയിൽ സർവീസ് നടത്തുന്ന ബോട്ടുകളിൽ നിരവധി യാത്രക്കാർ പതിവായി കയറുകയും ഇറങ്ങുകയും ചെയ്യുന്ന പ്രധാന കേന്ദ്രം കൂടിയാണിത്. പാമ്പുതുരുത്തി, പാറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി വെസ്റ്റ്, മടക്കര, അഴീക്കൽ, മാട്ടൂൽ സൗത്ത് എന്നിവിടങ്ങളിലെ ജെട്ടികൾ നവീകരിച്ച് ബോട്ട് ടെർമിനലുകളുടെ നിർമ്മാണം ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. എന്നാൽ പ്രാധാന്യം കൊണ്ടും പെരുമ കൊണ്ടും ശ്രദ്ധേയമായ മാങ്കടവ് ബോട്ട് ജെട്ടി കടുത്ത അവഗണനയാണ് അനുഭവിക്കുന്നത്.

അതീവ ശോചനീയാവസ്ഥയിൽ

ജെട്ടിയുടെ തൂണുകൾ ദ്രവിച്ച് കമ്പികൾ പുറത്ത് തള്ളിയ നിലയിലാണ്. യാത്രക്കാർ കാത്തുനിൽക്കുന്ന പ്ളാറ്റ് ഫോമായ കോൺക്രീറ്റ് സ്ലാബ് തൂണിൽ നിന്നും വേർപ്പെട്ടു കിടക്കുന്നു. ബോട്ടുകൾ നങ്കൂരമിടാനായി കെട്ടുന്ന കോൺക്രീറ്റ് കുറ്റികൾ തന്നെ ദ്രവിച്ച് ഇല്ലാതായി. ബോട്ടുകളും മറ്റും ജെട്ടിയിൽ നങ്കൂരമിടാൻ കുറ്റിയുടെ അവശേഷിച്ച കമ്പിയിലാണ് കെട്ടുന്നത്.
കല്ലൂരിയിലെ ജെട്ടി പൂർണമായി പുഴയെടുത്തു കഴിഞ്ഞു. അവിടെ ജെട്ടിയുടെ പുഴയോര ഭിത്തി പോലും ഏത് നിമിഷവും പുഴയിലേക്ക് പതിക്കാവുന്ന വസ്ഥയിലാണ്. ഈ ജെട്ടി വഴി ഇപ്പോഴും നാറാത്ത് ഭാഗത്തേക്കും തിരിച്ചും നിരവധി പേർ തോണി വഴി കടന്നു പോകാറുണ്ട്. എന്നാൽ ഇറങ്ങാൻ പോലും സംവിധാനമില്ലാത്ത അതി ശോചനീയാവസ്ഥയിലാണ് കടവും ജെട്ടിയും.

പ്രതാപത്തിൽ മുൻനിരയിലാണ്

വളപട്ടണം പുഴയോരത്ത് മുൻകാലങ്ങളിൽ യാത്രക്കാരുടെ തിരക്കുകൊണ്ട് പ്രതാപത്തിലിരുന്ന രണ്ട് ജെട്ടികളാണ് മാങ്കടവും കല്ലൂരിയും. പഴയകാലത്തെ പോലെ ഇല്ലെങ്കിലും ഇപ്പോഴും നാറാത്ത്, കൊളച്ചേരി, പാമ്പുതുരുത്തി ഭാഗങ്ങളിലേക്ക് പാപ്പിനിശ്ശേരി ഭാഗത്തുനിന്നും തിരിച്ചും യാത്രക്കാർ ജല ഗതാഗതത്തിന് ജെട്ടികൾ ഉപയോഗിക്കുന്നുണ്ട്. നിരവധി ചെത്ത് തൊഴിലാളികളും ഇതേ കടവുകൾ ഇപ്പോഴും ഉപയോഗിക്കാറുണ്ട്. ജല ഗതാഗത വകുപ്പിന്റെ ബോട്ടുകളിലും ഇവിടെ നിന്നും നിരവധി യാത്രക്കാർ ദിവസേന കയറുന്നുണ്ട്.

വളപട്ടണം പുഴയോരങ്ങളിലെ മറ്റു ജെട്ടികൾ നവീകരിച്ച് വലിയ സാദ്ധ്യതകൾ തുറന്നിടുമ്പോൾ പരമ്പരാഗതമായി ആളുകൾ ഉപയോഗിക്കുന്ന മാങ്കടവ്, കല്ലൂരി ജെട്ടികളുടെ ശോച്യാവസ്ഥയെങ്കിലും അധികൃതർക്ക് പരിഹരിച്ചു കൂടെ?

ബഷീർ കല്ലൂരി, പ്രദേശവാസിയും പതിവ് യാത്രക്കാരനും