പിലാത്തറ: ഒരു ഭാഗത്ത് തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുമ്പോൾ ചെറുതാഴത്ത് യു.ഡി.എഫിൽ ഭിന്നത. യു.ഡി.എഫ് ചെയർമാൻ സ്ഥാനത്തുനിന്ന് രാജി അറിയിച്ച് മുസ്ലിം ലീഗ് നേതാവ് നജ്മുദ്ദീൻ പിലാത്തറ. പഞ്ചായത്തിലെ യു.ഡി.എഫിന്റെ പ്രചാരണം താൻ അറിയാതെ നടക്കുന്നത് രണ്ടുതവണയായെന്ന് നജ്മുദ്ദീൻ ആരോപിച്ചു. പഞ്ചായത്തിൽ ഒരു വികസനം പോലും കൊണ്ടുവരാൻ സാധിക്കാത്ത ഉണ്ണിത്താന്റെ പ്രവൃത്തിക്കെതിരെ കഴിഞ്ഞദിവസം കൺവെൻഷനിൽ വാക്‌പോര് നടന്നിരുന്നു. മണ്ഡലം നേതാക്കൾ പോലും പറഞ്ഞ വാക്കുകൾ പാലിക്കുന്നില്ല. ചെറുതാഴത്ത് പ്രചാരണ ബോർഡുകൾ സ്ഥാപിക്കാനോ പോസ്റ്ററുകളും മറ്റും ഒട്ടിക്കാനോ ആളില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് സ്ഥാനം രാജിവച്ചതെന്ന് നജ്മുദ്ദീൻ പറഞ്ഞു.