
കണ്ണൂർ: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പാനൂരിൽ യുവാവിന്റെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനം ആധി പരത്തുന്നു. ദീർഘകാലമായി സംഘർഷങ്ങളൊഴിഞ്ഞുനിൽക്കുന്ന മേഖലയെ വീണ്ടും പ്രക്ഷുബ്ധമാക്കുന്ന തരത്തിൽ ആയുധസംഭരണം നടത്തുന്നുവെന്ന ആശങ്കയ്ക്കിട നൽകുന്നതാണ് വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ പാനൂർ മുളിയാത്തോടിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ നടന്ന ഉഗ്രസ്ഫോടനം.
തിരഞ്ഞെടുപ്പിന് ശേഷം സംഘർഷമുണ്ടാകുന്നത് കണ്ണൂരിൽ പതിവാണ്. പ്രവർത്തകർക്കും വീടുകൾക്കും നേരെയുള്ള ആക്രമണമാണ് പതിവുരീതി. അക്രമണമുണ്ടാകുക. ഏത് അക്രമത്തിനും ബോംബിന്റെ സാന്നിധ്യം ഉറപ്പു വരുത്തുന്നതാണ് കണ്ണൂരിൽ പാർട്ടികളുടെ രീതി. അക്രമം നടക്കുമ്പോൾ നാട്ടുകാരെ ഭയപ്പെടുത്തി ഓടിക്കുന്നതിനും ഇരയെ വീഴ്ത്തുന്നതിനുമാണ് ബോംബ് പ്രയോഗം. ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കുറഞ്ഞത് അഞ്ഞൂറിലേറെ അക്രമസംഭവങ്ങളാണ് കണ്ണൂരിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഒട്ടുമിക്ക കേസുകളിലും ബോംബ് സാന്നിദ്ധ്യവുമുണ്ടാകും.
കണ്ണൂരിൽ പലയിടത്തും ബോംബ് നിർമ്മാണം തകൃതിയാണെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് പറയുന്നത്. ജില്ലയിലെ വിവിധയിടങ്ങളിലായി മാസങ്ങൾക്കിടെ നാലിടത്താണ് ബോംബ് പൊട്ടിത്തെറിച്ചത്. അതിൽ മൂന്നിടത്തും പ്രതിസ്ഥാനത്ത് ആർ.എസ്.എസ് പ്രവർത്തകർ. സി.പി.എം. പ്രതിസ്ഥാനത്തുള്ള പാനൂർ സംഭവത്തിന് മുൻപ് പയ്യന്നൂരിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് സമീപമായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിൽ വീട്ടിലെ വളർത്തുനായ് പൊട്ടിച്ചിതറി. മുമ്പും ഇവിടെ പലതവണ സമാന രീതിയിൽ സ്‌ഫോടനം നടന്നു.
എന്നും ദുർബല വകുപ്പുകൾ
ബോംബ് നിർമ്മിക്കുന്നവരെ കൈയോടെ കിട്ടിയിട്ടും പ്രതികൾക്കെതിരെ ചുമത്തുന്നതാവട്ടെ ദുർബല വകുപ്പുകൾ. അതിനാൽ, കേസും അറസ്റ്റും എല്ലാം ചട്ടപ്പടി.ആളുകളെ കൊല്ലാനുള്ള ബോംബുണ്ടാക്കുന്നവരെ പിടികൂടി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്നതോടെ പൊലീസിന്റെ ജോലി തീർന്നു. പ്രത്യേക അന്വേഷണ സംഘമോ ശക്തമായ വകുപ്പുകൾ ചുമത്തലോ ഒന്നും ആഭ്യന്തരവകുപ്പിന്റെ അജണ്ടയിലില്ല. ഇതോടെ അലക്ഷ്യമായി സ്‌ഫോടക വസ്തു കൈാര്യം ചെയ്തുവെന്ന ദുർബല വകുപ്പിന്റെ പേരിൽ പുറത്തിറങ്ങുന്ന പ്രതികൾ വീണ്ടും പഴയ പണിയിലേക്ക് പോകും.
നേരത്തെയുണ്ട് കുപ്രസിദ്ധി
ബോംബ് നിർമ്മാണത്തിന് കുപ്രസിദ്ധമാണ് നേരത്തെ മുതൽ പാനൂർ മേഖല. ബോംബ് നിർമ്മാണത്തിനിടെ ജീവൻ പോയതും അംഗഭംഗം നേരിട്ടതും നിരവധിപേർക്കാണ്. മിക്ക പാർട്ടികളിലുമുണ്ട് ഇങ്ങനെ മരിച്ചു ജീവിക്കുന്നവരുണ്ട്. ജീവൻ പണയം വെച്ചുള്ള ഒരു കളിയാണ് നാടൻ ബോംബ് നിർമാണം . അപകടമുണ്ടായാൽ തീപടരാതിരിക്കാനും പരമാവധി അപകടം ഒഴിവാക്കാനുമായി ഏറ്റവും വിജനമായ സ്ഥലമാണ് നിർമ്മാണത്തിന് തെരഞ്ഞെടുക്കുന്നക്.നൂൽബോംബ്, പെട്രോൾ ബോംബ്, സ്റ്റീൽ ബോംബ് എന്നിവയാണ് നാടൻ ബോംബിന്റെ ഗണത്തിൽ വരുന്നത്.
.
കണ്ണവത്ത് കണ്ടെത്തിയത് സ്റ്റീൽ ബോംബ്
ദിവസങ്ങൾക്ക് മുമ്പാണ് കണ്ണവം ചുണ്ടയിൽ കലുങ്കിന് സമീപം ഒളിപ്പിച്ച നിലയിൽ സ്റ്റീൽ ബോംബ് കണ്ടെത്തിയത് കണ്ണവം എസ് ഐ രാജീവന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്.തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന പതിവ് പരിശോധനയിലായിരുന്നു പൊലീസ്.