കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. നിലവിൽ 21,16,876 വോട്ടർമാരാണ് ജില്ലയിലുള്ളത്. ഇതിൽ 11,14,246 പേർ സ്ത്രീകളും 10,02,622 പേർ പുരുഷന്മാരും എട്ട് പേർ ട്രാൻസ്‌ജെന്റേഴ്സുമാണ്. 2024 ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം 20,54,158 വോട്ടർമാരായിരുന്നു ജില്ലയിൽ ഉണ്ടായിരുന്നത്. ഇതിൽ നിന്നും 62,720 വോട്ടർമാരുടെ വർദ്ധനവാണ് ഉണ്ടായത്. 32,015 പുരുഷൻമാരും 30,704 സ്ത്രീ വോട്ടർമാരുമാണ് പുതുതായി പേരു ചേർത്തത്.
18നും 19നും ഇടയിൽ പ്രായമുള്ള 55,166 പേരും 20നും 29നും ഇടയിലുള്ള 3,48,884 പേരും 30നും 39നും ഇടയിൽ പ്രായമുള്ള 3,92,017 പേരും 40നും 49നും ഇടയിലുള്ള 4,47,721 പേരും 50 വയസിന് മുകളിലുള്ള 8,73,088 വോട്ടർമാരുമാണ് ജില്ലയിൽ ആകെയുള്ളത്. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ. കൂടുതൽ പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയത് കൂത്തുപറമ്പിലാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് വരവ്, ചെലവ് കണക്കുകൾ 12ന് ചെലവ് നിരീക്ഷകർ പരിശോധിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10ന് നടക്കുന്ന പരിശോധനയിൽ കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർ/ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ/ഏജന്റുമാർ എന്നിവരാണ് പങ്കെടുക്കുക. പരിശോധന സമയത്ത് സ്ഥാനാർത്ഥികൾ അവരുടെ ദൈനംദിന ചെലവുകൾ രേഖപ്പെടുത്തുന്ന രജിസ്റ്ററുകൾ, ക്യാഷ് രജിസ്റ്റർ, ബാങ്ക് രജിസ്റ്റർ, ബന്ധപ്പെട്ട വൗച്ചർ, ബിൽ, തിരഞ്ഞെടുപ്പ് ചെലവുകൾക്കായി സ്ഥാനാർത്ഥിയുടെ പേരിൽ തുടങ്ങിയ പ്രത്യേക ബാങ്ക് അക്കൗണ്ടിന്റെ 11 വരെ രേഖപ്പെടുത്തിയ ഇടപാടുകൾ, പാസ്ബുക്ക് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കണം.

വോട്ടർമാരുടെ എണ്ണം നിയമസഭ മണ്ഡലം അടിസ്ഥാനത്തിൽ

മണ്ഡലം, ആകെ വോട്ടർമാർ, വർദ്ധന ക്രമത്തിൽ

1. പയ്യന്നൂർ: 186495, 4196)

2. കല്ല്യാശ്ശേരി: 191543, 5598)

3. തളിപ്പറമ്പ്: 221295, 7434

4. ഇരിക്കൂർ: 197680, 4128

5. അഴീക്കോട്: 185094, 5999

6. കണ്ണൂർ: 178732, 5563)

7. ധർമടം: 199115, 5774

8. തലശ്ശേരി: 178601, 6107

9. കൂത്തുപറമ്പ്: 201869, 8078

10. മട്ടന്നൂർ: 195388, 5143

11. പേരാവൂർ: 181064, 4700

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാമറ കണ്ണുകളിൽ

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അതിർത്തി ചെക്ക് പോസ്റ്റുകൾ, വിവിധ സ്‌ക്വാഡുകൾ, ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടികൾ, വോട്ടിംഗ് യന്ത്രങ്ങളുടെ സംഭരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കാമറ നിരീക്ഷണം ശക്തം. ഇതിനായുള്ള കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. പൊലീസ്, എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ നിരീക്ഷണം നടത്തുന്ന അതിർത്തി ചെക്ക് പോസ്റ്റുകളിൽ സ്ഥിരമായുള്ള കാമറകൾക്ക് പുറമെ വൈഫൈ സംവിധാനത്തോടെയുള്ള കാമറകൾ കൂടി സ്ഥാപിച്ചിട്ടുണ്ട്. അവയുടെ നിരീക്ഷണം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ കാര്യാലയത്തിൽ ലഭിക്കും. കളക്ടറേറ്റിൽ സജ്ജമാക്കിയ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂമും 24 മണിക്കൂർ നിരീക്ഷണം നടത്തുന്നുണ്ട്. 33 വീതം സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും ഫ്ളയിംഗ് സ്‌ക്വാഡുകളും 360 ഡിഗ്രി കറങ്ങുന്ന വൈഫൈ കാമറയുടെ സംവിധാനത്തോടെ 24 മണിക്കൂറും ജില്ലയിലാകെ പരിശോധന നടത്തുന്നു. കൂടാതെ പോളിംഗ് ദിവസം ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും 100 ശതമാനം വെബ്കാസ്റ്റിംഗ് ഉറപ്പുവരുത്തിയാണ് ഇലക്ഷൻ നടത്തുക. പി.ഡബ്‌ള്യു.ഡി ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ടോമി തോമസ് ആണ് വെബ്കാസ്റ്റിംഗിന്റെ നോഡൽ ഓഫീസർ.