
കാസർകോട്: കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഗ്ലാസ് എറിഞ്ഞുതകർത്ത യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തു. വയനാട് കബ്ലക്കാട് സ്വദേശി ഷൗക്കത്ത് (35) ആണ് അറസ്റ്റിലായത്. ഈയാളുടെ കാർ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രാത്രി ഏഴ് മണിയോടെ മംഗളൂരു ഭാഗത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ഹൊസങ്കടി ചെക്ക് പോസ്റ്റിന് സമീപം കാർ ബസിന് കറുകെയിട്ട ഷൗക്കത്ത് മുൻവശത്തെ ഗ്ലാസ് കൈ കൊണ്ട് തല്ലി തകർക്കുകയും ഡ്രൈവറുടെ ഭാഗത്തെ ചെറിയ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തുവെന്നുമാണ് പരാതി. ഷൗക്കത്തിന്റെ മർദ്ദനമേറ്റ ബസ് ഡ്രൈവർ സുരേഷിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.