പയ്യന്നൂർ: കോറോം രക്തസാക്ഷിത്വത്തിന്റെ 75 - ാമത് വാർഷികത്തിന്റെ ഒരു വർഷം നീണ്ടുനിന്ന പരിപാടികളുടെ സമാപനം നാളെ മുതൽ 12 വരെ തീയതികളിൽ നടക്കുമെന്ന് ദിനാചരണ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെ വൈകീട്ട് 4.30ന് കൂർക്കരയിൽ നടക്കുന്ന രക്തസാക്ഷി പോരാളി കുടുംബ സംഗമം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.

ചരിത്ര സ്മരണിക പ്രകാശനം ടി.ഐ.മധുസൂദനൻ എം.എൽ.എ.യും ഉപഹാര സമർപ്പണം ഏരിയ സെക്രട്ടറി അഡ്വ. പി.സന്തോഷും നിർവ്വഹിക്കും. പുനർ നിർമ്മിച്ച ബി. പൊക്കന്റെ രക്തസാക്ഷി സ്തൂപം, 10ന് വൈകീട്ട് 5ന് ജില്ലാ സെക്രട്ടറി ടി.വി.രാജേഷ് അനാച്ഛാദനം ചെയ്യും.

പതാക ജാഥ എം.രാമകൃഷ്ണനും കൊടിമര ജാഥ ടി.ഐ.മധുസൂദനൻ എം.എൽ.എ.യും ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6ന് രക്തസാക്ഷി നഗറിൽ ഇ.പി.കൃഷ്ണൻ നമ്പ്യാർ പതാക ഉയർത്തും. 12ന് വൈകീട്ട് വളണ്ടിയർ മാർച്ചും പ്രകടനത്തിനും ശേഷം 6 ന് നടക്കുന്ന പൊതുസമ്മേളനം സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ഏഴ് രക്തസാക്ഷികളുടെയും ചിത്രങ്ങൾ സഹിതം,​ ശിൽപി ഉണ്ണി കാനായി പുനർ നിർമ്മിച്ച രക്തസാക്ഷി സ്തൂപവും ഇതോടൊപ്പം അനാച്ഛാദനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ അഡ്വ. പി.സന്തോഷ്, എം.രാമകൃഷ്ണൻ, പി.ഗംഗാധരൻ, എം.അമ്പു, വി.വി.ഗിരീഷ് കുമാർ, എ.വി.കുഞ്ഞിക്കണ്ണൻ, പി.രവീന്ദ്രൻ, കെ.വി.പ്രകാശൻ സംബന്ധിച്ചു.