
നീലേശ്വരം: കോട്ടപ്പുറത്ത് മുസ്ലീംലീഗ് -ഐ.എൻ.എൽ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നീലേശ്വരം പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. മുസ്ലീംലീഗ് മുൻസിപ്പൽ സെക്രട്ടറി അബ്‌ദുൾ മജീദിന്റെ പരാതിയിൽ ഐ.എൻ.എൽ പ്രവർത്തകരായ അബ്രാസ്, റമീസ് ഉച്ചൂളികുതിർ എന്നിവർക്കെതിരെയും ഐ.എൻ.എൽ പ്രവർത്തകനായ അബ്രാസിന്റെ പരാതിയിൽ അബ്‌ദുൾ മജീദ് എടക്കാവിൽ, ജാസിർ എന്നിവർക്കെതിരെയും റമീസിന്റെ പരാതിയിൽ മജീദ്, ബാസിദ്, മിർസാൻ, അബ്രാസ് എന്നിവർക്കെതിരെയുമാണ് കേസെടുത്തത്. കഴിഞ്ഞദിവസം ഉച്ചൂളികുതിരിൽ സ്ഥാപിച്ച ഇടതുവലത് മുന്നണികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ആറു പേർക്ക് പരിക്കേറ്റിരുന്നു. കോട്ടപ്പുറത്ത് ഐ.എൻ.എൽ-മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം പതിവായിരുന്നു. എന്നാൽ കഴിഞ്ഞ കുറേനാളുകളായി സമാധാനാന്തരീക്ഷം നിലനിൽക്കുന്ന ഇവിടെ വീണ്ടും സംഘർഷം ഉണ്ടായത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.