
മാഹി: മാഹിയുടെ അതിർത്തി കടന്നാൽ മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും യു.ഡി.എഫിന്റെ യുവ എം.എൽ.എ ഷാഫി പറമ്പിലും തമ്മിലുള്ള ചൂടൻ പോരാട്ടമാണ്. സ്വീകരണയോഗങ്ങളും കൊടിതോരണങ്ങളും ബോർഡുകളും അനൗൺസ്മെന്റുമൊക്കെയായി അരങ്ങുതകർക്കുമ്പോൾ ഭൂമിശാസ്ത്രപരമായി വടകര മണ്ഡലത്തിനകത്ത് നിൽകുന്ന മാഹിയിൽ എല്ലാം തണുപ്പൻമട്ടിലാണ്. കേരളത്തിന് മുമ്പെ തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരി പാർലിമെന്റ് മണ്ഡലത്തിന്റെ ഭാഗമായ ഇവിടെ കാര്യമായ ആവേശമൊന്നും ഇതുവരെയുണ്ടായിട്ടില്ല.
ആദ്യഘട്ടത്തിലാണ് പുതുച്ചേരിയിൽ വോട്ടെടുപ്പ്. ഈ മാസം19ന് തിരഞ്ഞെടുപ്പ് യാതൊരു ലക്ഷണവും മാഹിയിലില്ല. എവിടെയും ആവേശമില്ല. ബഹളമില്ല. കൊടിതോരണങ്ങളില്ല, ബോർഡുകൾ, ബാനറുകൾ ചുമരെഴുത്തുകൾ, പോസ്റ്ററുകൾ ഇവയൊന്നും എവിടേയും കാണാനില്ല. വാർത്താ ദൃശ്യമാദ്ധ്യമങ്ങൾ, സാമൂഹ്യമാദ്ധ്യമങ്ങൾ എന്നിവ വഴിയാണ് സ്ഥാനാർത്ഥികളെ വോട്ടർമാർ പരിചയപ്പെടുന്നത്.ശക്തിപ്രകടനങ്ങളോ, വലിയ പൊതുയോഗങ്ങളോ ഒന്നും നടത്താൻ പാടില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ പ്രചാരണങ്ങൾക്ക് പോലും കടുത്ത നിയന്ത്രണങ്ങളുണ്ട്.സ്ഥാനാർത്ഥികൾക്കും പാർടികൾക്കും ഇതുവഴി ചിലവ് വളരെയേറെ കുറഞ്ഞിട്ടുമുണ്ട്. ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയായ വി.വൈദ്യലിംഗവും എൻ.ഡി.എ സ്ഥാനാർത്ഥി എ.നമശിവായവും മാഹിയിൽ റോഡ് ഷോ അടക്കം നടത്തി വോട്ടഭ്യർത്ഥന പൂർത്തിയാക്കിക്കഴിഞ്ഞു.
വനിതാ വോട്ടർമാർ കൂടുതൽ
ബൂത്തുകളിൽ വനിതാ ഓഫീസർമാർ മാത്രം
അറിയാനുണ്ട് മയ്യഴിയിലെ പോളിംഗ് വിശേഷം
മാഹിയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും വനിതാ പോളിംഗ് ഓഫീസർമാരും വനിതാ പൊലീസുകാരുമാണ് ഡ്യൂട്ടിയിൽ. 31 പോളിംഗ് ബൂത്തുകളിലും നാല് വീതം വനിതാ ഓഫീസർമാരും വനിതാ പൊലീസുകാരുമുണ്ടാകും.ഇതിൽ ഒരു പോളിംഗ് ബൂത്തിൽ പൂർണ്ണമായും 30 വയസ്സിൽ താഴെയുള്ള ' വനിതാ പോളിംഗ് ഉദ്യോഗസ്ഥരായിരിക്കും. മുഖ്യ എതിരാളികളായി ഇന്ത്യ മുന്നണിയുടെ വി.വൈദ്യലിംഗവും, എൻ.ഡി.എ.യുടെ എ.നമശ്ശിവായവുമടക്കം 26 സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. രണ്ട് പോളിംഗ് മെഷീനുകളാണ് മാഹിയിലുണ്ടാകുക.
അവരുടെ വോട്ട് പെട്ടിയിലായി
85 വയസ്സിന് മുകളിൽ പ്രായമുള്ളവർ മൂന്ന് ദിവസങ്ങളിലായി ഇതിനകം സ്വന്തം വീടുകളിൽ വച്ച് പൂർണ്ണമായി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.പോളിംഗ് ഉദ്യോഗസ്ഥർ ഇവരുടെ വീടുകളിലെത്തുകയായിരുന്നു.
അവിടത്തെ പോലെയല്ല, ഇവിടെ..
പുതുച്ചേരി പാർലിമെന്റ് മണ്ഡലത്തിലെ 30 അസംബ്ലി മണ്ഡലങ്ങളിൽ മാഹി ഒഴിച്ച് ബാക്കിയുള്ള 29 അസംബ്ലി മണ്ഡലങ്ങളിലും സി.പി.എം കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്യുന്നത്. എന്നാൽ മാഹിയിലെ സി.പി.എമ്മുകാർ സ്വതന്ത്ര സ്ഥാനാർത്ഥി കെ.പ്രഭുദേവന് ഗ്യാസ് സിലിണ്ടർ ചിഹ്നത്തിലായിരിക്കും വോട്ട് രേഖപ്പെടുത്തുന്നത്. കണ്ണൂർ ഘടകത്തിന്റെ ഭാഗമായ മാഹി സി.പി.എം കേരളത്തിലെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് ഈ തീരുമാനം കൈകൊണ്ടത്.