unnithan

പയ്യന്നൂർ: അന്നൂർ മഹാവിഷ്ണുക്ഷേത്ര പരിസരം. കാസർകോട് പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ മണ്ഡലപര്യടനത്തിനുള്ള തുറന്ന വാഹനം രാവിലെ തന്നെ സജ്ജമായിരുന്നു. കണ്ണൂർ ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടി ജോർജായിരുന്നു ഇന്നലത്തെ പര്യടനപരിപാടിയുടെ ഉദ്ഘാടകൻ.

"ലോകസഭാ തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ട് സി.പി.എം.വ്യാപക അക്രമങ്ങൾക്ക് കോപ്പുകൂട്ടുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പാനൂരിൽ ഉണ്ടായ ബോംബ് സ്‌ഫോടനം"- മാർട്ടിൻ ജോർജ് ഇടതുപക്ഷത്തിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു പ്രസംഗത്തിൽ വിമർശിച്ചത്.

എസ്.എ.ഷൂക്കൂർ ഹാജിയായിരുന്നു ചടങ്ങിലെ അദ്ധ്യക്ഷൻ.

രാവിലെ ക്ഷേത്ര പരിസരത്ത് നിന്ന് തുറന്ന വാഹനത്തിൽ തുടങ്ങിയ പര്യടനം മണ്ഡലത്തിലെ ഇരുപതിലധികം കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രാത്രി പ്രാപ്പൊയിലിലാണ് സമാപിച്ചത്. പൗരത്വഭേദഗതി സംബന്ധിച്ച് കോൺഗ്രസ് പ്രകടനപത്രികയിൽ പ്രസ്താവന ഇല്ലാത്തതിനെതിരെ കടുത്ത വിമർശനവുമായി എതിരാളികൾ പ്രചാരണം നടത്തുമ്പോൾ ഈ വിഷയം തന്നെയായിരുന്നു സ്ഥാനാർത്ഥി മണ്ഡലപര്യടനത്തിൽ കൂടുതലും എടുത്തുപറഞ്ഞതും." ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയുടെ ബഹുസ്വരത തകർത്ത് മതേതരത്വം പൂർണ്ണമായും ഇല്ലാതാക്കി ഒരു മത രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനാണ് പാർലിമെന്റിൽ പൗരത്വ നിയമം ഭേദഗതി ചെയ്ത് കൊണ്ടു വന്നത്. രാജ്യത്ത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുവാൻ കോൺഗ്രസ് ഒരു കാലത്തും അനുവദിക്കില്ല"- ഉണ്ണിത്താന്റെ പ്രസംഗം ഇങ്ങനെ നീളുന്നു.

കെ.പി.സി സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, മുൻ എം.എൽ.എ കെ.പി.കുഞ്ഞിക്കണ്ണൻ, കെ.പി.സി.സി.മെമ്പർ എം.പി.ഉണ്ണികൃഷ്ണൻ,മുസ്ലീം ലീഗ് ജില്ല സെക്രട്ടറി കെ.ടി.സഹദുള്ള, എസ്.എ.ഷുക്കൂർ ഹാജി, എ.പി.നാരായണൻ, കെ.ജയരാജ്, കെ.കെ.സുരേഷ്,എം. ഉമ്മർ, അഡ്വ.ഡി.കെ.ഗോപിനാഥ്,എ. രൂപേഷ്, സുധീഷ് കടന്നപ്പള്ളി, പ്രശാന്ത് കോറോം, കെ.പി.മോഹനൻ, കെ.കെ.ഫൽഗുനൻ .ഇ.പി.ശ്യാമള, പി.വി.പ്രിയ, പിലാക്കാൽ അശോകൻ തുടങ്ങിയവരായിരുന്നു സ്വീകരണകേന്ദ്രങ്ങളിലെ പ്രാസംഗികർ.