
ബോംബ് നിർമ്മാണക്കേസുകളിൽ പെട്ടവരെ നിരീക്ഷിക്കും
കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ വ്യാപക പരിശോധന. നേരത്തെ ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട് കേസുകളിൽപ്പെട്ടവരെ നിരീക്ഷിക്കാൻ പ്രത്യേക നിർദ്ദേശമുണ്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ ജില്ലയിലെ ഉന്നത പോലീസുദ്യോഗസ്ഥർക്കാണ് നിർദേശം നൽകിയത്.
തുടർന്ന് ഇന്നലെ വൈകുന്നേരം ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി. പാനൂരിലെ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് കണ്ണൂർ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാസേന വ്യാപക പരിശോധന നടത്തുന്നുണ്ട്. പാനൂരുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ്
പൊലീസിന്റേയും സി.ആർ.പിഎഫിന്റേയും നേതൃത്വത്തിൽ പരിശോധന നടന്നത്.സി.ആർ.പി.എഫ് ,കേരള പൊലീസ് എന്നിവർക്കൊപ്പം ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരും
പരിശോധനയിൽ പങ്കെടുത്തു.
നേരത്തെ ഒരുക്കിയ ബോംബുകൾ ഒളിപ്പിച്ച നിലയിൽ
സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ഇന്നലെ ഏഴ് സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തിയിരുന്നു.അറസ്റ്റിലായ ഷിബിൻ ലാലിനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കൂടുതൽ ബോംബുകൾ കണ്ടെത്തിയത്. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ.
പൊട്ടിത്തെറിച്ചത് സ്റ്റീൽബോംബ്
പാനൂരിൽ നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബാണെന്നു സ്ഥിരീകരിച്ചു. തുരുമ്പിച്ച ആണി, കുപ്പിച്ചില്ല്, മെറ്റൽ ചീളുകൾ എന്നിവയാണ് ബോംബ് നിർമ്മാണത്തിന് ഉപയോഗിച്ചത്. പത്തുപേരാണ് ബോംബ് നിർമ്മാണ സംഘത്തിൽ ഉണ്ടായിരുന്നത്.