മാഹി: പുതുച്ചേരിയിലെ ഏക ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ ഇത്തവണ വോട്ടെടുപ്പ് സ്ത്രീകൾ നയിക്കും. ഏപ്രിൽ 19 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മാഹി നിയമസഭ മണ്ഡലത്തിലെ 31 ബൂത്തുകളിലെയും പ്രിസൈഡിംഗ് ഓഫീസർ മുതൽ നാല് പ്രധാന ജീവനക്കാരും സ്ത്രീകളാണെന്നതാണ് പ്രത്യേകത. കൂടാതെ എല്ലാ ബൂത്തുകളിലും സുരക്ഷയ്ക്കായി മുഴുവൻ സമയ വനിതാ പൊലീസും ഉണ്ടായിരിക്കും.

ഇത്തവണ പൊതു തിരഞ്ഞെടുപ്പിൽ രാജ്യത്ത് സ്ത്രീകൾ നയിക്കുന്ന ആദ്യ മണ്ഡലമായിരിക്കും മാഹി.
26 സ്ഥാനാർത്ഥികൾ മത്സര രംഗത്തുള്ളതിനാൽ രണ്ട് ബാലറ്റ് യൂണിറ്റുകളിലായാണ് സ്ഥാനാർത്ഥിയുടെ ചിഹ്നവും പേരും ഉണ്ടാവുക. സ്ത്രീകൾ നയിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രമോ വീഡിയോ മാഹി ഗവ.ഹൗസിൽ റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ ഡി.മോഹൻ കുമാർ പ്രകാശനം ചെയ്തു. 3 പോളിംഗ് സ്റ്റേഷനുകൾ യുവാക്കളും (ചാലക്കര ഉസ്മാൻ ഗവ. ഹൈസ്‌കൂൾ), ശാരീരിക വൈകല്യമുള്ളവരും (മാഹി ഗവ. എൽ.പി.സ്‌കൂൾ) നിയന്ത്രിക്കും. മാഹിയുടെ അതിർത്തികളിൽ ആറ് ചെക്ക് പോസ്റ്റുകളിലും ഫ്‌ളൈയിംഗ് സ്വകാഡുകൾ പ്രവർത്തനമാരംഭിച്ചു. ടോൾഫ്രീ നമ്പർ 1950. വോട്ടെണ്ണൽ ജൂൺ 4 ന് മാഹി ജവഹർലാൽ നെഹ്രു ഗവ. ഹയർ സെക്കൻ‌‌ഡറി സ്‌കൂളിൽ നടക്കും. വാർത്താ സമ്മേളനത്തിൽ മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ ഡി.മോഹൻ കുമാർ, മനോജ് വളവിൽ സംബന്ധിച്ചു.

പള്ളൂരിൽ മാതൃകാ പോളിംഗ് സ്റ്റേഷൻ

പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മാതൃകാ പോളിംഗ് സ്റ്റേഷനായിരിക്കും. 85 വയസിനു മുകളിലുള്ള മുതിർന്ന പൗരന്മാർ, ശാരീരിക വൈകല്യമുള്ളവർ ഉൾപ്പെടെയുള്ള 269 വോട്ടർമാരിൽ 258 പേരുടെ വോട്ട് അവരുടെ വീടുകളിൽ വച്ച് പോസ്റ്റലായി രേഖപ്പെടുത്തി.

മാഹിയിൽ ആകെ വോട്ടർമാർ

31,038

പുരുഷന്മാർ

14,363

സ്ത്രീകൾ

16,675

1. മാഹിയിൽ ചുവർ പരസ്യങ്ങൾക്ക് അനുമതി നൽകില്ല

2. ഇലക്ട്രോണിക്ക് മീഡിയ പ്രചാരണം പരിശോധിക്കാൻ സംവിധാനം

3. അനുമതിയില്ലാതെയുള്ള പ്രചാരണങ്ങൾ നിയമവിരുദ്ധം

4. മാഹി ഗവ. ഹൗസിൽ ഇലക്ഷൻ ഓഫീസ് പ്രവർത്തിക്കും