കാഞ്ഞങ്ങാട്: പുതിയ കോട്ട നെഹ്റു മൈതാനത്തിന് ഓർക്കാനുണ്ട് ചൂരുംചൂടും നിറഞ്ഞ ആദ്യ പൊതുതിരഞ്ഞെടുപ്പ് ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചായിരുന്നു ആ തിരഞ്ഞെടുപ്പ്. നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ ഇ.എം.എസും കല്ലളൻ വൈദ്യരും മത്സരിക്കുന്നു. ലോക്‌സഭയിലേക്ക് കോൺഗ്രസിന്റെയും പി.എസ്.പിയുടേയുമൊക്കെ പിന്തുണയിൽ എ. അച്യുത ഷേണായിയും കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി എ.കെ.ജിയും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അന്ന് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തന്നെ കാഞ്ഞങ്ങാട്ട് പ്രസംഗിക്കാനെത്തി. മീനമാസ ചൂടിനെ വകവയ്ക്കാതെ നടന്നാണ് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയെ കാണാനും കേൾക്കാനും പോയതെന്നു എൽ.ജെ.ഡി സംസ്ഥാനകമ്മിറ്റി അംഗമായ എം. കുഞ്ഞമ്പാടി ഓർക്കുന്നു. അന്ന് പ്രൈമറി ക്ലാസ് വിദ്യാർത്ഥിയാണ് കുഞ്ഞമ്പാടി. ചൂട് വകവയ്ക്കാതെ എന്റെ പ്രസംഗം കേൾക്കാനും എന്നെ കാണാനുമായി എത്തിയ നിങ്ങൾക്ക് എന്റെ അഭിവാദനങ്ങൾ എന്ന് നെഹ്റു പറഞ്ഞത് ഇപ്പോഴും കുഞ്ഞമ്പാടിയുടെ കാതിൽ ഉണ്ട്.
ആ തിരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് ഇ.എം.എസും കല്ലളൻ വൈദ്യരും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോക്‌സഭയിലേക്ക് എ.കെ.ജി 5145 വോട്ടിന് അച്യുതക്ഷേണായിയെ പരാജയപ്പെടുത്തി. പ്രധാനമന്ത്രി പ്രസംഗിച്ചിട്ടും നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഇടതുപക്ഷ സ്ഥാനാർത്ഥികൾ വിജയിക്കുകയായിരുന്നു.
പ്രഥമപ്രധാനമന്ത്രി പ്രസംഗിച്ച സ്ഥലം എന്ന പരിഗണനയിലാണ് പുതിയ കോട്ടയിൽ നെഹ്റുവിന്റെ സ്തൂപം പണിതത്. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷന്റെ മുന്നിലാണ് നഗരസഭ നെഹ്റു സ്തൂപം പണിതിട്ടുള്ളത്. അന്ന് എ.കെ.ജി പരാജയപ്പെട്ടിരുന്നുവെങ്കിൽ ചരിത്രം മറ്റൊന്നായേനെ. കർണാടകസമിതിയിലുണ്ടായിരുന്ന പ്രശ്നങ്ങളാണ് അച്യുത ഷേണായിക്ക് വിനയായതെന്നു മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.വി നാരായണ മാരാർ ഓർക്കുന്നു.