കണ്ണൂർ: വിഷുവും പെരുന്നാളും അടുത്തിരിക്കെ വിപണിയിൽ അവശ്യസാധന വില കുതിച്ചുയരുന്നു. വേനൽച്ചൂടിനൊപ്പം ഇത്തവണ തിരഞ്ഞെടുപ്പു ചൂടും പൊതുജനങ്ങളെ വലയ്ക്കുന്നതിനിടെ ഉണ്ടായ വിലക്കയറ്റം സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണ്.
തിരഞ്ഞെടുപ്പു സമയമായതിനാൽ വിലക്കയറ്റത്തിനെതിരെ മുന്നണികൾ ശക്തമായി പ്രതിഷേധിക്കുമ്പോഴും നിലവിൽ വിലകുറയുന്ന സാഹചര്യമില്ലെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. അരി മുതലായ പലവ്യഞ്ജനങ്ങൾ, പച്ചക്കറി, പഴങ്ങൾ, മത്സ്യ, മാംസങ്ങൾ എന്നിവയ്ക്കെല്ലാം പൊതുവിപണിയിൽ വൻവിലക്കയറ്റമാണ് ഉണ്ടായിട്ടുള്ളത്.
കുറുവ അരിക്ക് കഴിഞ്ഞ ഒരുമാസത്തിനിടയിൽ കിലോയ്ക്ക നാല് രൂപയാണ് വർദ്ധിച്ചത്. ചൂട് കാലത്ത് ആവശ്യക്കാർ ഏറെയുള്ള വത്തക്ക, ഓറഞ്ച് തുടങ്ങിയ പഴവർഗ്ഗങ്ങൾക്കും വില കൂടിയിട്ടുണ്ട്. ഓറഞ്ചിന് കിലോ 30 രൂപയും വത്തക്കയ്ക്ക് 5 രൂപയും വർദ്ധിച്ചു. ചിക്കൻ വില കിലോ 250 രൂപയിലെത്തി. പച്ചക്കറിയിൽ വെളുത്തുള്ളിക്ക് മാത്രമാണ് കാര്യമായ കുറവ് വന്നത്.
വിലക്കയറ്റം മറികടക്കാൻ സപ്ലൈകോ സ്റ്റോറുകളെ ആശ്രയിക്കാമെന്നു കരുതിയാൽ അവിടെ അവശ്യ സാധനങ്ങൾ പലതും കിട്ടാത്ത സ്ഥിതിയാണ്.
കുത്തനെ കൂടി കോഴി വില
ജില്ലയിൽ കോഴിയിറച്ചി വില കുത്തനെ കൂടുകയാണ്. ഒരു മാസം കൊണ്ട് കിലോയ്ക്ക് 50 രൂപയിലധികമാണ് കൂടിയത്. കഴിഞ്ഞമാസം ബ്രോയിലർ കോഴിക്ക് കിലോക്ക് 100 മുതൽ 110 രൂപ വരെയായിരുന്ന വില ഇപ്പോൾ 150 രൂപയിലെത്തി. ലഗോൺ കോഴി 140 രൂപക്ക് ലഭിക്കും. ഇതിന് കാര്യമായ വിലക്കയറ്റമുണ്ടായിട്ടില്ല. ചൂട് കൂടിയതോടെ കോഴി ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. കനത്ത ചൂടിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തുപോകുന്നത് ഉത്പാദനത്തെ ബാധിച്ചു.
ആശ്വാസം വെളുത്തുള്ളിയിൽ
കഴിഞ്ഞ മാസം ഒരു കിലോ വെളുത്തുള്ളിക്ക് റീട്ടെയിൽ മാർക്കറ്റിൽ 450 രൂപയും ഹോൾസെയിൽ മാർക്കറ്റിൽ 400 രൂപയുമായിരുന്നു വില. 100 ഗ്രാം വെളുത്തുള്ളിക്ക് 45 രൂപയായിരുന്നു. ഇപ്പോൾ വില കിലോയ്ക്ക് 180 ആയിട്ടുണ്ട്. വിളവെടുപ്പ് തുടങ്ങിയതോടെയാണ് വിലയിടിഞ്ഞതെന്ന് വ്യാപാരികൾ പറഞ്ഞു. കേരളത്തിൽ മറയൂർ, വട്ടവട മേഖലകളിൽ വെളുത്തുള്ളി കൃഷിയുണ്ടെങ്കിലും കഴിഞ്ഞ സീസണിലെ വിളവെടുപ്പ് മോശമായതോടെ ആവശ്യത്തിന് വെളുത്തുള്ളി വിപണിയിൽ എത്തിയിരുന്നില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വരവും കുറഞ്ഞിരുന്നു.
വിലക്കയറ്റം ഒറ്റനോട്ടത്തിൽ
(ബ്രാക്കറ്റിൽ പഴയവില)
അരി 42 (38)
പയർ 130 (110)
കടല 88 (72)
കോഴിഇറച്ചി 150 (110)
ഉള്ളി 28 (24)
തക്കാളി 32 (25)
പച്ചമുളക് 80 (50)
വെളുത്തുള്ളി 180 (400)