കാസർകോട്: മീനച്ചൂട് കനക്കുമ്പോഴും ഗ്രാമനഗര വ്യത്യാസമില്ലാതെ ഓടിയെത്തി പ്രചരണം കടുപ്പിക്കുകയാണ് എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ. അശ്വിനി. ഗ്രാമങ്ങളിൽ നടക്കുന്ന ടൂർണമെന്റുകളിലും മറ്റുപരിപാടികളിലും മുഖം കാണിക്കണം. കൂടാതെ കുടുംബ, സമുദായ ക്ഷേത്രങ്ങളിലും ഇതര ക്ഷേത്രങ്ങളിലും വിവിധ ക്ഷേത്രാഘോഷ കമ്മിറ്റികളുടെയും പ്രാദേശിക നേതൃത്വത്തിന്റെയും പ്രവർത്തകരുടെയും അഭ്യർത്ഥന മാനിച്ച് ദർശനം നടത്തണം, ഒപ്പം സംഘടനാപരമായ യോഗങ്ങളിൽ, പൊതുപരിപാടികളിൽ പങ്കെടുക്കണം, ആദ്യകാലപ്രവർത്തകരെയും അനുഭാവികളുടെയും മറ്റു വീടുകളിൽ സന്ദർശനം നടത്തണം. ഇങ്ങനെ ഒരു ദിവസം 17 മണിക്കൂറോളം സമയമാണ് എം.എൽ അശ്വിനി തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി മാറ്റി വെക്കുന്നത്. ഇന്നലെ രാവിലെ 7.30 ന് ബി.ജെ.പി സ്ഥാപന ദിനത്തിൽ ബൂത്തിൽ പതാക ഉയർത്തി. ബൂത്ത് ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം പ്രവർത്തകർക്ക് ഒപ്പം വീടുകളിൽ പ്രചരണം നടത്തി. തുടർന്ന് വിവിധ വ്യാപാര - വാണിജ്യ സ്ഥാപനങ്ങളിലും പ്രചരണം നടത്തി. വൈകുന്നേരം വിശ്വഹിന്ദു പരിഷത്തിന്റെ മുൻ ജില്ലാ അദ്ധ്യക്ഷൻ പരേതനായ അങ്കാറ ശ്രീപാദയുടെ കുടുംബാംഗങ്ങളെയും ആരോഗ്യപരമായ അസ്വസ്ഥതകളെ തുടർന്ന് വിശ്രമത്തിൽ കഴിയുന്ന സഹപ്രവർത്തകയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സരോജ ബല്ലാലിനെയും സന്ദർശിച്ചു. കുബ്ബന്നുരിൽ അയോധ്യ ഫ്രണ്ട്സ് ക്ലബിന്റെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രചരണം അവസാനിച്ചു. എല്ലാ പഞ്ചായത്തുകളിലും സ്ഥാനാർത്ഥി പര്യടനം ആദ്യഘട്ടം പൂർത്തിയായതോടെ നാളെ രണ്ടാംഘട്ട പ്രചരണം ആരംഭിക്കും.