നീലേശ്വരം: അവധിക്കാല വിനോദസഞ്ചാര സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ തുറമുഖ വകുപ്പ് മിന്നൽ പരിശോധന നടത്തി. 35 ഓളം ബോട്ടുകളുള്ളതിൽ പത്തോളം ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാത്ത ഡ്രൈവർമാർ ബോട്ട് ഓടിക്കുന്നതായും മിക്ക ബോട്ടുകളിലും മതിയായ ലൈസൻസ്, മറ്റ് രേഖകൾ ഇല്ലെന്നും കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ 1,40,000 രൂപ പിഴയിടുകയും ചെയ്തു. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരും ബോട്ട് ഉടമകളും തമ്മിൽ വാക്കേറ്റവും നടന്നു. സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും വകുപ്പ് മന്ത്രിയുടെയും നിലപാടുകൾക്ക് വിരുദ്ധമായാണ് ബോട്ടുകളിൽ പരിശോധന നടത്തിയതെന്ന് ബോട്ട് ഉടമകൾ ആരോപിച്ചു. അതേസമയം അവധിക്കാലത്ത് അപകടങ്ങൾ തടയാനും യാത്രക്കാരുടെ ജീവൻ രക്ഷിക്കാനുമാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരുവർഷത്തേക്കാണ് ലൈസൻസ് കാലാവധി. അതിന്റെ അടിസ്ഥാനത്തിൽ 20 വർഷത്തോളമായി നല്ല രീതിയിൽ സർവീസ് നടത്തുന്ന ബോട്ടുകളാണ് ഇവിടെയുള്ളത്. ഇവയ്‌ക്കൊന്നും യാതൊരു സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെന്നിരിക്കെ പ്രാദേശിക ടൂറിസം വ്യവസായത്തെ തകർക്കാനാണ് ഉദ്യോഗസ്ഥൻ ശ്രമിക്കുന്നതെന്ന് ബോട്ടുടമകൾ ആരോപിച്ചു. അഴീക്കൽ കേരള മാരിടൈം ബോർഡിന്റെ പോർട്ട് ഓഫീസർ വിപൻകുമാർ, സർവ്വേ ജോഫിൻ ലൂക്കോസ്, ഉദ്യോഗസ്ഥനായ വി.പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ലൈസൻസ് പുതുക്കുന്നതിനും മറ്റുമുള്ള സർട്ടിഫിക്കറ്റുകൾക്കുമായി ആറുമാസം മുമ്പ് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ മെല്ലേപ്പോക്ക് നയം മൂലമാണ് സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നത്. ഇതാണ് ബോട്ടുകളുടെ ലൈസൻസ് പുതുക്കാൻ വൈകാൻ കാരണം.
ശിവദാസ് കീനേരി, പ്രസിഡന്റ് ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ
കാസർകോട്ട് സൗകര്യങ്ങളില്ല
വിനോദ യാത്രയ്ക്ക് ഉപയോഗിക്കുന്ന ബോട്ടുകൾക്ക് തുറമുഖ വകുപ്പിൽ നിന്നുള്ള ലൈസൻസ്, കമ്പനി നിയമപ്രകാരമുള്ള നിയമപരമായ സ്ഥിതി, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റ്, യാത്രക്കാരുടെയും ജീവനക്കാരുടെയും തേർഡ് പാർട്ടി ഇൻഷ്വറൻസ് എന്നിവ ആവശ്യമാണ്.
ലൈസൻസ് എടുക്കണമെങ്കിൽ അഴീക്കൽ പോർട്ടുമായി ബന്ധപ്പെടണം. റാങ്കുകൾക്ക് 10 ദിവസത്തെ ട്രെയിനിംഗ് ചെയ്യണമെങ്കിൽ കൊടുങ്ങല്ലൂരിലേക്ക് പോകണം. കാസർകോട് ജില്ലയിൽ ഇതിന് സംവിധാനമില്ലെന്നുള്ളതാണ് സ്ഥിതി.