കേളകം: കേളകം പഞ്ചായത്തിലെ പെരുന്താനം കോളനിയിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. വേനൽ കടുത്തതോടെ ഇവരുടെ കുടിവെള്ള സ്രോതസ്സായിരുന്ന ഏക കിണറും വറ്റാൻ തുടങ്ങിയതോടെയാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്.
30 ഓളം കുടുംബങ്ങളിലുള്ള 108 പേരാണ് ഈ കോളനിയിലെ ഏക കിണറിനെ ആശ്രയിച്ചു ജീവിക്കുന്നത്. ഇത്രയധികം കുടുംബങ്ങൾ ആശ്രയിക്കുന്നതിനാലും, വേനൽ കടുത്തതിനാലും കിണർ വറ്റാൻ തുടങ്ങിയതോടെ കോളനി നിവാസികൾ പ്രയാസത്തിലായി. ധാരാളം പേർ ഉപയോഗിക്കുന്നതിനാൽ അടിത്തട്ടിലെത്തിയ വെള്ളം കലങ്ങാൻ തുടങ്ങുമെന്നും വീട്ടുകാർ പറഞ്ഞു.
കിണറ്റിൽ വെള്ളം കുറഞ്ഞതോടെ നീരൊഴുക്ക് കുറഞ്ഞ പുഴയിൽ ചെറിയ കുഴികളുണ്ടാക്കി ശേഖരിക്കുന്ന വെള്ളമാണ് പാത്രങ്ങൾ കഴുകാനും കുളിക്കാനും ഉപയോഗിക്കുന്നത്. കുടിവെള്ള പദ്ധതിയുടെ കിണർ ഉണ്ടെങ്കിലും ഉപയോഗശൂന്യമായിട്ട് വർഷങ്ങളായി. ടാപ്പ് ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളമില്ലാത്തതിനാൽ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നില്ലെന്നും കോളനി നിവാസികൾ പറഞ്ഞു.
കുടിവെള്ള പദ്ധതി പ്രയോജനപ്പെടാത്ത സാഹചര്യത്തിൽ അധികൃതർ ഇടപെട്ട് ഒരു കുഴൽക്കിണർ കുഴിക്കുകയാണെങ്കിൽ കോളനിയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.
കോളനി വാസിയായ ചന്ദ്രൻ
വേനൽമഴ ഇനിയും വൈകിയാൽ ബാവലിപ്പുഴ വറ്റിവരളുന്ന സാഹചര്യമുള്ളതിനാൽ കൂടുതൽ ദുരിതത്തിലാകുമെന്ന ആശങ്കയിലാണ് കോളനിവാസികൾ.
108 പേർക്ക്
ഒരു കിണർ
കുടിവെള്ള വിതരണം ആരംഭിച്ചു
വേനൽ കനത്തതോടെ രൂക്ഷമായ കുടിവെള്ളം ക്ഷാമം നേരിടുന്ന കേളകം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിട്ട പെരുന്താനം കോളനിയിലാണ് ആദ്യഘട്ടമെന്ന നിലയിൽ കുടിവെള്ള വിതരണം ആരംഭിച്ചത്. കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഇത് ഉപയോഗിക്കാൻ കഴിയും. വരും ദിവസങ്ങളിലും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും കുടിവെള്ള വിതരണം ഉണ്ടാകും.