unnithan
യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ ബിരിക്കുളത്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.

കാഞ്ഞങ്ങാട്: യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പര്യടനം കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മലയോര പഞ്ചായത്തുകളെ ആവേശത്തിലാക്കി. കനത്ത ചൂടിനെ വകവയ്ക്കാതെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് യു.ഡി.എഫ് പ്രവർത്തകർ ഒഴുകിയെത്തി. കല്ലപ്പള്ളിയിൽ അന്തരിച്ച കോൺഗ്രസ് നേതാവ് സോമനാഥ ഗൗഡയുടെ വസതി സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. പാണത്തൂരിൽ നിന്ന് ആരംഭിച്ച സ്ഥാനാർത്ഥി പര്യടനം യു.ഡി.എഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം ചെയർമാൻ ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു.
ബളാംതോട്, പനത്തടി, കോളിച്ചാൽ, കള്ളാർ, പൂടംകല്ല്, ചുള്ളിക്കര, കൊട്ടോടി, തട്ടുമ്മൽ, എണ്ണപ്പാറ, കാലിച്ചാനടുക്കം, കിനാനൂർ, നെല്ലിയടുക്കം, കാലിച്ചാമരം, പെരിയങ്ങാനം, ബിരിക്കുളം എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം എടത്തോട് നിന്ന് ആരംഭിച്ച റോഡ് ഷോ കനകപ്പള്ളി, ബളാൽ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കൊന്നക്കാട് സമാപിച്ചു.
കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിന് നന്ദി സൂചകമായി മലയോരത്തെ കർഷകർ എടത്തോട് സ്വീകരണ കേന്ദ്രത്തിൽ വച്ച് പാളത്തൊപ്പി അണിയിച്ച് കാർഷിക ഉത്പന്നങ്ങൾ നൽകി അദ്ദേഹത്തെ സ്വീകരിച്ചു.

ഉമേഷൻ, ഉനൈസ് ബേഡകം, രഘുനാഥ്, മിനി ചന്ദ്രൻ, കൂക്കൾ ബാലകൃഷ്ണൻ എന്നിവർ വിവിധ പ്രദേശങ്ങളിൽ സംസാരിച്ചു.