കണ്ണൂർ: വേനൽ കനത്തതോടെ ജില്ലയിൽ രൂക്ഷമായ കുടിവെള്ളക്ഷാമം. ജപ്പാൻ കുടിവെള്ള വിതരണവും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണവും ഉൾപ്പെടെ പലസ്ഥലങ്ങളിലും നിലച്ചു. ജപ്പാൻ കുടിവെള്ള പദ്ധതി റിസർവ്വോയറുകളിൽ ജലനിരപ്പ് താഴ്ന്നതോടെയാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്. വാട്ടർ അതോറിറ്റി കുടിവെള്ള വിതരണവും അഞ്ച് ദിവസത്തിൽ കൂടുതൽ മുടങ്ങുന്ന സ്ഥിതിയാണ്. ജൽജീവൻ മിഷൻ പദ്ധതി മിക്ക പഞ്ചായത്തുകളിലും മെല്ലേപോക്കിലാണ്. പല വാർഡുകളിലും പൈപ്പിടൽ പ്രവൃത്തി നീളുന്നു.

മലയോരത്ത് പുഴകളിലും തോടുകളിലും കുളങ്ങളിലും കിണറുകളിലും ജലനിരപ്പ് മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ താഴ്ന്നു. കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ പറയുമ്പോഴും പലയിടങ്ങളിലും ഒന്നും നടക്കുന്നില്ലെന്നാണ് ആക്ഷേപം. വയലുകളിൽ വേനലിൽ നടത്താറുള്ള പച്ചക്കറിക്കൃഷികളും ജലക്ഷാമം മൂലം പ്രതിസന്ധിയിലാണ്. ചപ്പാരപ്പടവ്, കടന്നപ്പള്ളി -പാണപ്പുഴ, എരമം -കുറ്റൂർ പഞ്ചായത്തുകളിൽ രൂക്ഷമായ പ്രതിസന്ധിയുണ്ട്. പെരുവണ, കല്യാണപുരം, ചെങ്ങറ, വെള്ളരിയാനം
കുറ്റൂർ, കോയിപ്ര, പെരുമ്പടവ്, കക്കറ തുടങ്ങിയ സ്ഥലങ്ങൾ ശുദ്ധജലക്ഷാമത്തിലേക്ക് നീങ്ങുന്നു.

നിടിയേങ്ങ, ചേപ്പറമ്പ്, മലപ്പട്ടം, കരയത്തുംചാൽ മേഖലകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. നിടിയേങ്ങ സ്വാമിമ

ഠം, ചുഴലി ഭഗവതിക്ഷേത്രം എന്നിവയുടെ പരിസരങ്ങളിലെ വീടുകളിലെ കിണറുകളെല്ലാം വറ്റി. ടാങ്കറിൽ കുടിവെള്ളമെത്തിക്കാനുള്ള നടപടികൾ ആരംഭിക്കാനൊരുങ്ങുകയാണ്. ചിറക്കൽ പഞ്ചായത്തിൽ കീരിയാട്, ബാലൻകിണർ, കാട്ടാമ്പള്ളി, കോട്ടക്കുന്ന് എന്നീ വാർഡുകളിലാണ് കുടിവെള്ളക്ഷാമം. ജലജീവൻ പൈപ്പ്‌ലൈൻ ചിറക്കൽ പഞ്ചായത്തിൽ 23 വാർഡുകളിലും തീർന്നെങ്കിലും കമ്മിഷൻ ചെയ്തിട്ടില്ല.

കേളകം, കണിച്ചാർ പഞ്ചായത്തിലും ജലക്ഷാമമുണ്ട്. ഇരുപഞ്ചായത്തുകളിലൂടെയും കടന്നുപോകുന്ന ബാവലി, ചീങ്കണ്ണി പുഴകളിലും വെള്ളം വറ്റിത്തുടങ്ങിയത് ഇവയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളെ ബാധിക്കുന്നുണ്ട്. പുഴകളിൽ തടയണകൾ നിർമ്മിച്ചും കുടിവെള്ളം വിതരണം ചെയ്തുമാണ് പഞ്ചായത്തുകൾ പ്രശ്നത്തെ നേരിടുന്നത്. രാമന്തളി പഞ്ചായത്തിൽ ഏഴിമല, പരുത്തിക്കാട്, ചിറ്റടി, കക്കംപാറ, എട്ടിക്കുളം പ്രദേശങ്ങളിൽ വർഷങ്ങളായി രൂക്ഷമായ കുടിവെള്ളപ്രശ്നമുണ്ട്. ഇപ്പോൾ ഭൂരിഭാഗം വീടുകളിലും ജല അതോറിറ്റിയുടെ ഗാർഹിക കണക്ഷനുണ്ട്. എന്നാൽ രണ്ടുദിവസം കൂടുമ്പോഴാണ് പമ്പിംഗ്.


തുരുത്തിയിൽ ദിവസങ്ങളുടെ കാത്തിരിപ്പ്

പാപ്പിനിശ്ശേരി തുരുത്തി പട്ടികജാതി കോളനിയിൽ കുടിവെള്ളത്തിനായി കഴിഞ്ഞ അഞ്ചു ദിവസമായി ആളുകൾ കാത്തിരിക്കുന്നു. വേനലിലും മഴക്കാലത്തും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് ഇവിടം.100 ഓളം കുടുംബങ്ങളുടെ ഏക ആശ്രയം വാട്ടർ അതോറിറ്റിയുടെ പൈപ്പ് വെള്ളം. പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ അടുപ്പ്കൂട്ടി സമരം ഉൾപ്പെടെ നിരന്തരമായ പ്രക്ഷോഭത്തിനൊടുവിലാണ് പൈപ്പുവെള്ളമെത്തിയത്. എന്നാൽ വീണ്ടും വാട്ടർ അതോറിറ്റി കുടിവെള്ളം നിഷേധിക്കുന്നു.

കീഴല്ലൂർ പഞ്ചായത്തിലെ കൊതേരി കീഴടത്ത് ഭഗവതി ക്ഷേത്ര പരിസരത്താണ് കുടിവെള്ളവിതരണമില്ല

പ്രദേശത്തെ കിണറുകൾ മിക്കതും വറ്റി. കുഴൽക്കിണറുകളിൽപ്പോലും വെള്ളമില്ലാത്ത സ്ഥിതി

എല്ലാ വർഷവും വേനൽക്കാലത്ത് കുടിവെള്ളക്ഷാമം. പഞ്ചായത്തിൽ പരാതി അറിയിച്ചിട്ടും ഫലമില്ല

കഴിഞ്ഞ വർഷം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ജലവിതരണം തുടങ്ങിയത്

ജലജീവൻ മിഷൻ പദ്ധതി കൊതേരിയിൽ പൂർത്തിയായിട്ടില്ല