
കണ്ണൂർ: ഇസ്രേയൽ പ്രധാനമന്ത്രി നെതന്യാഹു സ്വന്തം ജനങ്ങളാൽ വിചാരണ ചെയ്യപ്പെടുന്നതു പോലെ അദ്ദേഹത്തിന്റെ ഇന്ത്യയിലെ ആശയ സുഹൃത്തായ നരേന്ദ്രമോദിയും ജനങ്ങളാൽ വിചാരണ ചെയ്യപ്പെടുമെന്ന് സി പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിലൂടെയാണ് ആ വിചാരണ നടക്കുക. നെതന്യാഹുമാർ ഇന്ത്യയെ കീഴ്‌പെടുത്താൻ പാടില്ല. കോൺഗ്രസിനകത്ത് പല കാര്യങ്ങളെ കുറിച്ചും വ്യക്തമായ നിലപാടുകളുണ്ടാകുന്നില്ല. സി എ.എ അടക്കമുള്ള കരിനിയമങ്ങൾ പിൻവലിക്കുമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പ്രകടനപത്രികയിൽ പറയുന്നുണ്ട്.പക്ഷെ കോൺഗ്രസ് പത്രികയിലെവിടെയും സി എ.എ കുറിച്ച് പരമാർശമില്ല. രാഹുൽഗാന്ധിയുടെ വയനാടിലേക്കുള്ള വരവിലൂടെ കോൺഗ്രസ് ഏത് താത്പര്യമാണ് ഉയർത്തിപിടിക്കുന്നത്.വാസ്തവത്തിൽ കോൺഗ്രസിന്റെ രാഷ്ട്രീയത്തിലെ ദൂരകാഴ്ചയില്ലായ്മയാണ് രാഹുൽഗാന്ധിയെ വയനാടിലേക്ക് തള്ളിപറഞ്ഞയച്ചതിന് പിന്നിലെ കാരണം. ആരാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യഎതിരാളിയെന്ന പ്രസക്തമായ ചോദ്യത്തിനും അവരുടെ ഭാഗത്ത് നിന്നും വ്യക്തമായ ഉത്തരമില്ല. ആശയ രാഷ്ട്രീയ പാപ്പരത്തം കോൺഗ്രസിനെ നന്നായി ബാധിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വം ഒരു കൈ പണ്ടേ ബി.ജെ.പിയുടെ തോളിലും ഇപ്പോൾ മറു കൈ മുസ്ലീം ആർ.എസ്.എസ് ആയ എസ്. ഡി .പി.ഐയുടെ തോളിലും വെച്ചിരിക്കുകയാണ്. എസ് .ഡി.പി.ഐ ബാന്ധവം വേണമെന്ന കാര്യത്തിൽ യു .ഡി .എഫ് നേതൃത്വത്തിന് യാതൊരു സംശയവുമില്ല. പക്ഷെ പരസ്യമായിട്ടാണോ രഹസ്യമായിട്ടാണോയെന്ന കാര്യത്തിൽ മാത്രമെ സംശയമുള്ളു. എൽ.ഡി.എഫ് രാഷ്ട്രീയമാണ് ഇന്ത്യയുടെ ഭാവി.ഇന്ത്യാ സഖ്യത്തിന്റെ യഥാർത്ഥ വക്താക്കൾ ഇടതുപക്ഷമാണെന്നും ബിനോയ് വിശ്വം എം. പി പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വിജേഷ് വൈസ് പ്രസിഡന്റ് സബിന പത്മൻ എന്നിവർ പ്രസംഗിച്ചു.