
കാസർകോട്: കൊങ്കണി, മലയാളം, കന്നഡ, തുളു ,ഇംഗ്ലീഷ് ഭാഷകളിൽ പച്ചവെള്ളം പോലെ സംസാരിക്കും കർണാടകക്കാരിയായി ഒൻപതുകാരി സന്നിധി.പിതാവ് ലോകേഷിനൊപ്പം കാസർകോടെത്തിയ ഈ പെൺകുട്ടി വോട്ടുചെയ്ത് ജനാധിപത്യപ്രക്രിയയിൽ പങ്കാളിയാകുന്നതിന്റെ മഹത്വം എടുത്തുപറഞ്ഞ് വോട്ടർമാരെ അഭിസംബോധന ചെയ്യുകയാണ്.
ഗോവയിലും ഡൽഹിയിലുമെല്ലാം ഈ സന്ദേശവുമായി സന്നിധി പോകുന്നുണ്ട്. തെരഞ്ഞെടുപ്പിൽ 100 ശതമാനം വോട്ടിംഗ് ഉറപ്പുവരുത്തുകയെന്നതടക്കമുള്ള ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സന്നിധി ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ, ബസ് സ്റ്റാൻഡുകൾ, വീടുകൾ, കടകൾ എന്നിവിടങ്ങളിലെത്തി അവരവരുടെ ഭാഷകളിൽ കാര്യം വിശദീകരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓരോ വ്യക്തിയും അറിഞ്ഞിരിക്കണമെന്നുംശരിയായ സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്തി രാജ്യത്തെ സുരക്ഷിതമാക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും ഇത് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണ് സന്നിധി ശ്രമിക്കുന്നതെന്ന് പിതാവ് ലോകേഷ് പറഞ്ഞു. ബണ്ട്വാൾ താലൂക്കിലെ പെരാജെയിലുള്ള ബാലവികാസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിനിയാണ് സന്നിധി. ബണ്ട്വാളിലെ കശേകോടിയാണ് സ്വദേശം. സപ്തഭാഷ സംഗമഭൂമിയായ കാസർകോട് ജില്ലയിലും തനിക്ക് വോട്ടർ ബോധവത്ക്കരണ സന്ദേശം അവതരിപ്പിക്കാൻ താത്പര്യമുണ്ടെന്ന് സന്നിധി പിതാവിന് ഒപ്പം അസിസ്റ്റന്റ് കളക്ടർ ദിലീപ് കെ കൈനിക്കരയെ നേരിൽ കണ്ട് അറിയിക്കുകയയിരുന്നു. ജില്ലാ കളക്ടർ കെ.ഇമ്പശേഖർ സ്വീപ്പിന്റെ പ്രവർത്തനങ്ങളിൽ സന്നിധിയുടെ പങ്കാളിത്തം സ്വാഗതം ചെയ്യുകയുമായിരുന്നു.