
കണ്ണൂർ: നാമ നിർദേശിക പത്രിക പിൻവലിക്കാനുള്ള തീയതി പിന്നിട്ടതോടെ ലോക് സഭ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു. കണ്ണൂരിൽ പന്ത്രണ്ടും കാസർകോട്ട് ഒൻപതും സ്ഥാനാർത്ഥികളാണ് ഏറ്റുമുട്ടുന്നത്. കണ്ണൂരിൽ പ്രമുഖ സ്ഥാനാർത്ഥികൾക്ക് ഭീഷണിയുയർത്താൻ അതെ പേരുകാരായ അപരന്മാരുള്ളപ്പോൾ കാസർകോട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ അതെ പേരുകാരൻ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. മണ്ഡലങ്ങളിൽ പൊതുപര്യടനത്തിന്റെ തിരക്കിലാണ് മൂന്നു മുന്നണികളുടെ സ്ഥാനാർത്ഥികളും.
കണ്ണൂരിൽ എം.വി.ജയരാജൻ(സി പി.എം),കെ.സുധാകരൻ (കോൺഗ്രസ്), സി രഘുനാഥ്( ബി.ജെ.പി) എന്നിവർക്കാണ് പാർട്ടി ചിഹ്നങ്ങൾ ഉള്ളത്. സ്വതന്ത്രരായ എം.വി.ജയരാജന് അലമാരയും ഇ.പി.ജയരാജിന് എയർകണ്ടീഷണറുമാണ് ചിഹ്നങ്ങൾ. കെ.സുധാകരന്റെ അതെ പേരിലുള്ള രണ്ട് സ്ഥാനാർത്ഥികൾക്കും ഗ്ളാസ് ടംബ്ളറും വളകളുമാണ് ചിഹ്നങ്ങൾ. കാസർകോട്ട് സ്വതന്ത്രനായ എൻ.ബാലകൃഷ്ണന് ചെസ് ബോർഡ് ആണ് ചിഹ്നമായി അനുവദിച്ചത്.
പൊടിപൊടിച്ച് പ്രചാരണം
കണ്ണൂരിലും കാസർകോട്ടും പതിവുപോലെ ഇടതുസ്ഥാനാർത്ഥികൾ പ്രചാരണരംഗത്ത് ചിട്ടയോടെയാണ് മുന്നേറുന്നത്. രണ്ടിടത്തും രണ്ടാംഘട്ട പ്രചാരണം അവസാനഘട്ടത്തിലാണ്. പ്രധാന കാമ്പയിനറായ മുഖ്യമന്ത്രി പിണറായി വിജയൻ സി.എ.എ വിഷയത്തിൽ പ്രതിഷേധക്കൂട്ടായ്മയുടെ ഭാഗമായി ഇരുജില്ലകളിലും എത്തിക്കഴിഞ്ഞു.കാസർകോട്ട് ഈ മാസം 21ന് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും.
സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, സി.പി.ഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം,പി.സി ചാക്കോ തുടങ്ങിയ പ്രമുഖ നേതാക്കളും കാസർകോട്ട് പ്രചാരണത്തിനായി എത്തുന്നുണ്ട്.പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ യു.ഡി.എഫ് പ്രചാരണത്തിനായി കാസർകോട്ട് എത്തിയിരുന്നു. യു.ഡി.എഫിന്റെ മറ്റ് നേതാക്കളുടെ സന്ദർശനം സംബന്ധിച്ച് വ്യക്തത വരാനിരിക്കുന്നതേയുള്ളു.എൻ.ഡി.എ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവരയും ഇതുവരെ രംഗത്തിറക്കിക്കഴിഞ്ഞു. കേന്ദ്രമന്ത്രിമാരടക്കമുള്ളവർ എം.എൽ.അശ്വിനിയ്ക്കായി കാസർകോട്ട് എത്തുമെന്നും വിവരമുണ്ട്.
കണ്ണൂർ
വോട്ടർമാർ 2116876
സ്ത്രീകൾ 1114246
പുരുഷന്മാർ 1002622
ട്രാൻസ്ജൻഡേഴ്സ് 8
പുതിയ വോട്ടർമാർ 62720.
മുന്നണികൾ പ്രതീക്ഷയിലാണ്
പ്രചാരണം മുന്നേറുമ്പോൾ മൂന്നു മുന്നണികളും കനത്ത പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ കൈവിട്ട കാസർകോട് തിരിച്ചുപിടിക്കാൻ കഴിയുമെന്ന ഉറച്ച ബോദ്ധ്യത്തിലാണ് ഇടതുമുന്നണി. ഏഴ് നിയോജകമണ്ഡലങ്ങളിൽ എൽ.ഡി.എഫിന്റെ പക്കലുള്ള അഞ്ചിടത്തും പുതിയ വോട്ടർമാരെ കൂട്ടിച്ചേർക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസമടക്കം അവർക്കുണ്ട്. എൻ.ഡി.എയ്ക്ക് കഴിഞ്ഞ തവണ ഉണ്ടായ വോട്ടുചേർച്ച ഇത്തവണ ഉണ്ടാകില്ലെന്നാണ് ഇടത് കണക്കുകൂട്ടൽ.ശബരിമല വിഷയം,രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം, പെരിയ ഇരട്ടക്കൊല, തുടങ്ങി കഴിഞ്ഞ തവണയുണ്ടായ പ്രതിസന്ധികളൊന്നും ഇല്ലാത്തതിനാൽ ഇടതുവോട്ടുകൾ കൃത്യമായി സ്ഥാനാർത്ഥിക്ക് ലഭിക്കുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. അതെസമയം കഴിഞ്ഞ തവണയുണ്ടായിരുന്നതിലും കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം.കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരം വോട്ടാകുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ. യുവത്വമുള്ള സ്ഥാനാർത്ഥിയെ അവതരിപ്പിച്ചതിന്റെ ആത്മവിശ്വാസം എൻ.ഡി.എയ്ക്കുമുണ്ട്. കഴിഞ്ഞ തവണ നഷ്ടമായ വോട്ട് ഇക്കുറി തിരിച്ചുപിടിക്കാനാകുമെന്നാണ് എൻ.ഡി.എ ക്യാമ്പ് വിശ്വസിക്കുന്നത്.
പാർലിമെന്റ് പ്രകടനം മുതൽ ബോംബ് രാഷ്ട്രീയം വരെ
കെ.പി.സി.സി പ്രസിഡന്റ് മത്സരിക്കുന്ന കണ്ണൂരിൽ യു.ഡി.എഫ് ആത്മവിശ്വാസത്തിലാണ്. വന്യമൃഗഭീഷണിയും ബഫർസോൺ വിഷയവും കാർഷികവിലത്തകർച്ചയുമൊക്കെയായി സർക്കാരുകൾക്കെതിരെയാ വികാരം തങ്ങൾക്ക് അനുകൂലമാകുന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.ഇതിന് പുറമെ പാനൂരിൽ സി പി.എം പ്രവർത്തകന്റെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനവും യു.ഡി.എഫ് വിഷയമാക്കുന്നുണ്ട്. സ്ഥാനാർത്ഥിയെന്ന നിലയിൽ വ്യക്തപരമായി കെ.സുധാകരന് ലഭിക്കുന്ന വോട്ടുകളും യു.ഡി.എഫ് കണക്കു കൂട്ടുന്നു. അതെ സമയം പാർലിമെന്റംഗം എന്ന നിലയിൽ മികവ് പുലർത്താനാകാത്ത ആളാണ് സുധാകരനെന്ന ആരോപണം ഉയർത്തിയാണ് ഇടതു പ്രചാരണം. സി.എ.എ വിഷയത്തിൽ കോൺഗ്രസ് പ്രത്യക്ഷസമീപനം എടുക്കാത്തതും ഇടതുപ്രചാരണവിഷയമാണ്. സംസ്ഥാനസർക്കാരിന്റെ വികസനനേട്ടങ്ങളും കെ.സുധാകരന്റെ പേരിൽ ഉയർന്ന വിവാദങ്ങളുമെല്ലാം എൽ.ഡി.എഫ് ഉയർത്തുന്നുണ്ട്.എൻ.ഡി.എ സ്ഥാനാർത്ഥിയായ സി.രഘുനാഥ് സുധാകരന്റെ മുൻകാലത്തെ വിശ്വസ്തനാണെന്ന വിമർശനവും എസ്.ഡി.പി.ഐയുടെ പിന്തുണയുമൊക്കെ പ്രചാരണവിഷയമാക്കിയാണ് എൽ.ഡി.എഫ് ശക്തമായ പ്രചാരണം അഴിച്ചുവിടുന്നത്.