
കേളകം:തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ സ്ക്വാഡ് ഇരിട്ടി പേരാവൂർ മേഖലയിലെ എട്ട് പ്രിന്റിംഗ് യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ നിരോധിത ഫ്ളക്സ് പിടികൂടി.കേളകത്തെ ബ്രദേഴ്സ് പ്രിന്റേഴ്സിൽ നിന്നാണ് നിരോധിച്ച ഫ്ളക്സ് പിടികൂടിയത്.നിയമപ്രകാരമുള്ള വിവരങ്ങൾ രേഖപ്പെടുത്താതെയാണ് ഈ സ്ഥാപനത്തിൽ നിന്നും പ്രിന്റിംഗ് ചെയ്തിരുന്നത്. ബാനറും,ഫ്ളക്സ് റോളും പിടിച്ചെടുത്ത് പതിനായിരം രൂപ പിഴ ചുമത്തി. തുടർ നടപടികൾക്ക് കേളകം ഗ്രാമപഞ്ചായത്തിന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദ്ദേശം നൽകി.
ശ്രീകണ്ഠാപുരം പിണറായി, ചെമ്പേരി എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ നിരോധിത ഫ്ളക്സ് പിടികൂടിയിരുന്നു. ഉള്ളിൽ ലൈറ്റ് ഉപയോഗിച്ച് പ്രദർശിപ്പിക്കുന്ന സൈൻ ബോർഡുകൾക്ക് ഇവ ഉപയോഗിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിതരണക്കാർ പി.വി.സി ഫ്ളക്സ് റോളുകൾ പ്രിന്റിംഗ് യൂണിറ്റുകൾക്ക് നൽകുന്നത്. പി.വി.സി ഫ്ളക്സ് പൂർണമായും സർക്കാർ നിരോധിച്ചതാണ്.