ഇരിട്ടി: ഉളിക്കൽ കൃഷിഭന്റെയും നുച്യാട് പഴയ ടോൾ ബൂത്തിന് സമീപത്തുനിന്നും ബി.എസ്.എൻ.എല്ലിന്റെ ഒന്നര ലക്ഷം രൂപ വിലവരുന്ന കേബിളുകൾ മോഷണം പോയി. റോഡിന്റെ പ്രവൃത്തി നടക്കുന്നഭാഗങ്ങളിൽ റോഡിന് വെളിയിൽ കിടന്ന കേബിളിന്റെ ഭാഗങ്ങളാണ് മുറിച്ചുമാറ്റി മോഷ്ടിച്ചത്. ടെലിഫോൺ ലൈൻ പ്രവർത്തിക്കാതെ വന്നതോടെ ഉപഭോക്താക്കൾ പരാതിയുമായി വന്നപ്പോഴാണ് കേബിൾ മോഷണം പോയ വിവരം അധികൃതർ അറിയുന്നത്. വ്യാഴാഴ്ച ആണ് കേബിൾ മോഷണം പോയതെന്നാണ് നിഗമനം. 100 പെയറിന്റെ 350 മീറ്റർ കേബിളും 20 പെയറിന്റെ 100 മീറ്റർ കേബിളുമാണ് മോഷണം പോയിരിക്കുന്നത്. അടച്ചിട്ട ബി.എസ്.എൻ.എൽ ഓഫീസുകളിൽ എൽ.സി.സി ചിപ്പുകൾ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാക്കളിൽ രണ്ടുപേരെ കഴിഞ്ഞ ദിവസങ്ങളിൽ ഇരിട്ടി പൊലീസ് സാഹസികമായി പിടികൂടിയിരുന്നു. ജൂനിയർ എൻജിനിയർ വി.ജെ.മൈക്കിൾ നൽകിയ പരാതിയിൽ ഉളിക്കൽ പൊലീസ് കേസെടുത്തു.