
മുഖ്യമന്ത്രി പിണറായി വിജയൻ 15ന് ജില്ലയിൽ
സീതാറാം യെച്ചൂരി 16നും ഡി.രാജ 22നും
കണ്ണൂർ:തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പര്യടനങ്ങൾക്ക് ചൂട് പിടിക്കുമ്പോൾ പോര് മുറുക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികളെല്ലാം. മുന്നണികളുടെ കേന്ദ്ര -സംസ്ഥാന നേതാക്കളെ മുന്നണികൾ ഉടൻ രംഗത്തിറക്കും.വരും ദിവസങ്ങളിലായി പ്രധാന നേതാക്കളിൽ പലരും കണ്ണൂർ ജില്ല ഉൾപ്പെടുന്ന മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ പ്രചരണത്തിനെത്തുമെന്നാണ് സൂചന.
എൽ.ഡി.എഫ് നേതാക്കളുടെ പ്രചരണവുമായി ബന്ധപ്പെട്ട ചിത്രം ഇതിനോടകം വ്യക്തമായിട്ടുണ്ട് . യു.ഡി.എഫ് ,എൻ.ഡി .എ നേതാക്കളുടെ പര്യടനവുമായി ബന്ധപ്പെട്ട് ചില അവ്യക്തതകളുണ്ട്. എങ്കിലും തങ്ങളുടെ കരുത്ത് തെളിയിക്കാൻ ഉന്നതനേതാക്കളെ ജില്ലയിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇരുമുന്നണികളും.
ഇന്നലെ ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവേദ്കർ ജില്ലയിൽ എൻ.ഡി.എ പ്രചാരണത്തിനായി എത്തിയിരുന്നു. യു.ഡി.എഫ് കർണാടക ആഭ്യന്തര മന്ത്രി ഡി.കെ.ശിവകുമാർ അടക്കമുള്ള നേതാക്കളെ എത്തിക്കാനുള്ള ശ്രമത്തിലാണ് .അവസാനഘട്ട പര്യടനത്തിൽ എത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ജയരാജന്റെ പ്രചരണത്തിനായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ 15 മുതൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രചരണത്തിൽ പങ്കാളികളാവും.
ഇടതുക്യാമ്പ് സുസജ്ജം
സി.പി. എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി 16ന് മമ്പറത്തും സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ 22ന് വൈകിട്ട് 5.30ന് കണ്ണൂരിലും പ്രസംഗിക്കും. സി.പി. എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് 20ന് ആലക്കോടും മയ്യിലും ഏച്ചൂരിലും പ്രചരണത്തിൽ പങ്കാളികളാകും. മുഖ്യമന്ത്രി പിണറായി വിജയൻ 22ന് പത്തിന് മട്ടന്നൂരും നാലിന് ശ്രീകണ്ഠപുരത്തും ആറിന് തളിപ്പറമ്പിലും എത്തും. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് 15ന് പുതിയതെരു ഇരിക്കൂർ, ഇരിട്ടി,തില്ലങ്കേരി(രക്തസാക്ഷി ദിനാചരണം) എന്നിവിടങ്ങളിൽ പ്രസംഗിക്കും. പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി 24ന് പാപ്പിനിശേരിയിലും എൽ.ഡി.എഫ് കൺവീനർ ഇ.പി .ജയരാജൻ 18ന് കണിച്ചാറിലും ചിറ്റാരിപ്പറമ്പിലും 20ന് നാറാത്തും താഴെചൊവ്വയിലും എത്തും. മഹിള അസോസിയേഷൻ പ്രസിഡന്റ് പി.കെ.ശ്രീമതി 17ന് അഞ്ചിന് വളപട്ടണത്തും 18ന് അഞ്ചിന് മുഴപ്പിലങ്ങാടും 19ന് അഞ്ചിന് കടമ്പൂരും പ്രസംഗിക്കും. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വിജുകൃഷ്ണൻ 23ന് മലപ്പട്ടം, കേളകം, ചക്കരക്കൽ എന്നിവിടങ്ങളിലെത്തും. ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫ.മുഹമ്മദ് സുലൈമാൻ 17ന് ആയിപ്പുഴയും കക്കാടും എത്തും. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ 17ന് ചിറക്കുനിയിൽ സംസാരിക്കും. കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 22ന് പത്തിന് മട്ടന്നൂരിലും പ്രചാരണയോഗങ്ങളിൽ സംബന്ധിക്കും.