കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടന കേസിൽ നേരിട്ട് ബന്ധമുളള മുഴുവൻ പ്രതികളും അറസ്റ്റിലായ സാഹചര്യത്തിൽ പ്രതികൾക്ക് സഹായം നൽകിയവരെയും ഗൂഢാലോചനയും പൊലീസ് അന്വേഷിക്കുന്നു.
പന്ത്രണ്ട് പ്രതികൾക്കാണ് നേരിട്ട് ബന്ധമുള്ളത്. ഇതിൽ ഒരാൾ മരിച്ചു. മൂന്ന് പേർ ചികിത്സയിലാണ്. മുഖ്യ ആസൂത്രകരായ ഷിജാൽ, അക്ഷയ് എന്നിവർ കഴിഞ്ഞ ദിവസം പാലക്കാട്ട് പിടിയിലായി. പ്രതികൾക്ക് ഒളിവിൽ പോകാനും ജില്ല വിടാനും കൂടുതൽ പേരുടെ സഹായം കിട്ടിയെന്നാണ് നിഗമനം. ഉദുമൽപേട്ടയിലാണ് ഷിജാലുണ്ടായിരുന്നത്. സ്‌ഫോടനത്തിൽ പരിക്കേറ്റ ഷിജാൽ അവിടെ ചികിത്സ തേടിയതായും തെളിഞ്ഞിട്ടുണ്ട്.
പാർട്ടി നിർദ്ദേശ പ്രകാരം ഇവർ കീഴടങ്ങിയതാണെന്നും സൂചനയുണ്ട്. സംഭവത്തിൽ പൊതുചർച്ച ഒഴിവാക്കാനാണ് ഇതെന്നാണ് വിവരം. ബോംബ് നിർമ്മാണത്തിനുള്ള വസ്തുക്കൾ എവിടെ നിന്നാണ് ലഭിച്ചതെന്നും ആരാണ് എത്തിച്ചതെന്നും സ്റ്റീൽ ബോംബുണ്ടാക്കാൻ എവിടെ നിന്നാണ് പരിശീലനം ലഭിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ബോംബ് നിർമ്മാണത്തിന്റെ മുഖ്യ സൂത്രധാരനായ ഡി.വൈ.എഫ്. കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിനെ ചോദ്യം ചെയ്തതതിൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എല്ലാ പ്രതികൾക്കും വേറെയും ക്രിമിനൽ കേസുകളുണ്ട്. അതിനാലാണ് കാപ്പ ചുമത്താൻ നീക്കം നടക്കുന്നത്. ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് ബോംബ് നിർമ്മാണത്തിലേക്ക് നയിച്ചതെന്ന വാദത്തിലാണ് സി.പി.എം സ്വയം പ്രതിരോധിക്കുന്നത്.