കണ്ണൂർ: പാനൂർ സ്‌ഫോടന കേസിൽ കഴിഞ്ഞ ദിവസം രാത്രി കസ്റ്റഡിയിലായ മുഖ്യസൂത്രധാരൻ ഡി.വൈ.എഫ്.ഐ. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാൽ (31), കെ. അക്ഷയ് (29) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അശ്വന്തിനെയും ( എൽദോ-26) അറസ്റ്റ് ചെയ്തു.തലശ്ശേരി സഹകരണ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ഉടൻ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഇതോടെ പത്തുപേർ അറസ്റ്റിലായി.പന്ത്രണ്ടു പ്രതികളിൽ ബാക്കി രണ്ടുപേർ ആശുപത്രിയിലാണ്. ചികിത്സ കഴിയുന്നതോടെ അവരും അറസ്റ്റിലാവും. ഗുരുതരമായി പരിക്കേറ്റ വലിയപറമ്പത്ത് വി.പി.വിനീഷ് (37), ചിറക്കരണ്ടിമ്മൽ വിനോദൻ (38) എന്നിവരാണ് ചികിത്സയിൽ തുടരുന്നത്.

സ്‌ഫോടനത്തിൽ മരിച്ച ഷെറിനാണ് ഒന്നാംപ്രതി. അടുപ്പ് കൂട്ടിയപറമ്പത്ത് സബിൻ ലാൽ (25), കുന്നോത്തുപറമ്പ് കിഴക്കയിൽ കെ.അതുൽ (28), ചെണ്ടയാട് പാടാൻതാഴെ ഉറവുള്ളക്കണ്ടിയിൽ അരുൺ (28), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കണ്ടിമ്മൽ സി.സായൂജ് (24), മുളിയാത്തോട് കെ.മിഥുൻ (27), കുന്നോത്തുപറമ്പത്ത് അമൽ ബാബു (29) എന്നിവർ നേരത്തേ അറസ്റ്റിലായി.