
ലീഡേഴ്സ് കമന്റ്
കണ്ണൂർ: കേരളത്തിലെ സി.പി.എം ക്രിമിനലുകളുടെ പാർട്ടിയായി മാറിയെന്നും ബോംബ് നിർമ്മാണ ഫാക്ടറിയാണ് നടത്തുന്നതെന്നും ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയംഗം പ്രകാശ് ജാവദേക്കർ പറഞ്ഞു.ജനങ്ങൾക്കു മേൽ ഭീകരവാദം അടിച്ചേൽപ്പിക്കുന്നതിനു വേണ്ടിയാണ് സി.പി.എം ബോംബ് നിർമ്മിക്കുന്നത് . കേരളത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും വോട്ട് ചെയ്യുക എന്ന പരമ്പരാഗതമായ രീതിയിൽ നിന്ന് ബി.ജെ.പിക്ക് വോട്ട് ചെയ്യുക എന്ന നിലപാടിലേക്ക് കേരളത്തിലെ വോട്ടർമാർ മാറിയിരിക്കുകയാണെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ ജില്ലയിലെ ഒരു സഹകരണ ബാങ്കിന് മുന്നിൽ ഇടത് എം.പി പി.സന്തോഷ്‌കുമാരിന്റെ സഹോദരി താൻ നിക്ഷേപിച്ച പണത്തിനു വേണ്ടി സമരം ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇത് മറ്റൊരു അഴിമതിയാണ്. മോദി സർക്കാർ ആരോടും വിവേചനമില്ലാതെ എല്ലാവരെയും ഒന്നിച്ച് ചേർത്തു മുന്നോട്ടുപോകുന്ന സർക്കാരാണ്. സമസ്തമേഖലയിലുമുള്ള പുരോഗതിയാണ് മോദി സർക്കാർ ലക്ഷ്യമിടുന്നതെന്നും ജാവദേക്കർ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, മേഖലാ ജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ, ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
യു.ഡി.എഫ് ജയിക്കാൻ എന്തും ചെയ്യും
തിരഞ്ഞെടുപ്പ് വിജയിക്കുന്നതിന് വേണ്ടി എന്തും ചെയ്യുന്നവരാണ് യു.ഡി.എഫ്. അതുകൊണ്ടാണ് എസ്.ഡി.പി.ഐയുടെ വോട്ട് ഉറപ്പാക്കിയത്. ഭീകരവാദത്തിന്റെ പേരിൽ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മറ്റൊരു രൂപമാണ് എസ്.ഡി.പി.ഐ- ജാവ്ദേക്കർ പറഞ്ഞു.