photo-3

ഇരിട്ടി: പേരാവൂർ മണ്ഡലത്തിൽ കത്തിക്കാളുന്ന വേനൽച്ചൂടിനെ വകവെക്കാതെയായിരുന്നു ജയരാജന്റെ പര്യടനം. രണ്ടാം ഘട്ട പൊതുപര്യടനത്തിന് പേരാവൂർ മണ്ഡലത്തിൽ എത്തിയ സ്ഥാനാർത്ഥിയെ പൂക്കളും ഹാരങ്ങളും ഷാളുകളും അണിയിച്ചും വാദ്യ മേളങ്ങളോടെയുമാണ് ജനക്കൂട്ടം വരവേറ്റത്. ആദിവാസി ജനവിഭാഗം ഒരുക്കിയ തുടിതാളങ്ങൾക്കൊപ്പം നാസിക് ഡോൾ ബാൻഡ്മേളവും ചെണ്ടവാദ്യവും സ്വീകരണത്തിന് കൊഴുപ്പേകി. കർഷക പ്രതിസന്ധിയും ഇതിനെ മറികടക്കാൻ സംസ്ഥാന സർക്കാർ നൽകുന്ന ആശ്വാസവുമൊക്കെ എടുത്തുപറഞ്ഞ സ്ഥാനാർത്ഥിയുടെ ചെറുപ്രസംഗം. പേരാവൂർ മണ്ഡലം നേരിടുന്ന പ്രതിസന്ധികളിലും പ്രശ്‌നങ്ങളിലും സിറ്റിംഗ് എം.പി അനുകൂലമല്ലാത്ത നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപവും എം.വി.ജയരാജൻ ഉന്നയിച്ചു. രാവിലെ പത്തൊമ്പതാം മൈലിൽ നിന്ന് തുടങ്ങിയ പര്യടനം രാത്രി വൈകി വീർപ്പാട് സമാപിച്ചു. എൽ.ഡി.എഫ് നേതാക്കളായ പി.ഹരീന്ദ്രൻ, ബിനോയ്കുര്യൻ, കെ.വി.സക്കീർഹുസൈൻ, പി സന്തോഷ്‌കുമാർ എം.പി എന്നിവർ വീർപ്പാട്, കരിയാൽ കേന്ദ്രങ്ങളിൽ സംസാരിച്ചു. 22 കേന്ദ്രങ്ങളിലായിരുന്നു ഇന്നലെ സ്ഥാനാർത്ഥി എത്തിയത്.