
അസുഖബാധിതനായി വീട്ടിൽ വിശ്രമത്തിലാണ് രണ്ടുതവണ ഹോസ്ദുർഗ് എം.എൽ.എ ആയ എം.നാരായണൻ
നീലേശ്വരം: അറുപത്തിയേഴ് വയസ് രാഷ്ട്രീയത്തിൽ ഇരുത്തംവരുന്ന പ്രായമാണ്. രണ്ടു തവണ ഹോസ്ദുർഗ് നിയോജകമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച എം.നാരായണന് പക്ഷെ ഈ പ്രായത്തിൽ ആവേശം ഉള്ളിൽ ഒതുക്കിപ്പിടിക്കാൻ മാത്രമെ കഴിയുന്നുള്ളു. ഹൃദയവാൾവ് മാറ്റിവച്ചതടക്കമുള്ള ചികിത്സകളും ഇതിന് പിന്നാലെ വന്ന നിരന്തരമായ അസുഖങ്ങളുമായി ബങ്കളം എം.എൽ.എ റോഡരികിലെ വീട്ടിൽ കഴിയുകയാണ്.
നടക്കാൻ ഊന്നുവടിയുണ്ടായാലും കൂടെ ഒരാൾ എപ്പോഴും വേണം. ശസ്ത്രക്രിയയ്ക്ക് ശേഷം കാലിൽ നിരന്തരമായി നീരുവെക്കുന്നതും വൃക്കരോഗവുമൊക്കെ വന്നു. മുടങ്ങാതെ മരുന്ന് കഴിക്കണം. അവശതയിലും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിൽ പങ്കാളിയാകാൻ കഴിയാത്തതിന്റെ സങ്കടത്തിമാണ് ഉള്ളിൽ. സംസാരിക്കുന്നതിലും തടസമുണ്ട്.
തിരഞ്ഞെടുപ്പുകളിലെല്ലാം നേതൃപരമായ പ്രവർത്തനത്തിലായിരുന്നു ഇതുവരെ. ഇന്നിപ്പോൾ മാദ്ധ്യമങ്ങളിലൂടെയാണ് എല്ലാം അറിയുന്നത്. പുറത്തിറങ്ങണമെങ്കിൽ ഊന്നുവടി വേണം. അധികനേരം നടക്കാനും പറ്റില്ല. വീടിന് തൊട്ടടുത്ത് നടന്ന ബൂത്ത് കമ്മറ്റിയോഗത്തിൽ പോലും പങ്കെടുക്കാൻ കഴിയാത്തതിന്റെ ആകുലതയിലാണ്.
1991 മുതൽ 2001 വരെയായിരുന്നു നാരായണൻ എം.എൽ.എ ആയിരുന്നത്. നീലേശ്വരം പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാൻ ആയിരിക്കെയായിരുന്നു മത്സരിക്കാൻ പാർട്ടി നിർദ്ദേശിച്ചത്.ജോലി രാജിവച്ച് മത്സരത്തിനിറങ്ങി. രണ്ടുതവണ എം.എൽ.എയായ ആളുടെ വീട് ജപ്തിഭീഷണിയിലായതും ചില ഉദാരമതികൾ നൽകിയ തുക കൊണ്ട് വീട് തിരിച്ചുപിടിച്ചതുമെല്ലാം നാരായണനെക്കുറിച്ച് കേരളം അറിഞ്ഞ വിശേഷങ്ങളിൽ പെടും.
എം.എൽ.എ പെൻഷൻ ഇനത്തിൽ ലഭിക്കുന്ന ഇരുപത്തയ്യായിരം രൂപയിലാണ് നാരായണന്റെ ചികിത്സയും മരുന്നുമെല്ലാം പോകുന്നത്. ഭാര്യ സരോജിനി റിട്ടയേഡ് നഴ്സിംഗ് അസിസ്റ്റന്റായി പിരിഞ്ഞു. മകൾ ഷീന ഹെൽത്ത് ഇൻസ്പെക്ടറാണ്.മകൻ ഷിംജിത്ത് ജില്ലാ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനും. മറ്റൊരു മകൾ ഷീബയ്ക്ക് ജോലിയില്ല. നാരായണന്റെ സഹോദരൻ എം.കുമാരനും ഹോസ്ദുർഗ് എം.എൽ.എയായിരുന്നു.
പുറത്തിറങ്ങാനായില്ലെങ്കിലും നാരായണന്റെ മനസ് ഇടതുപ്രചാരണത്തിനൊപ്പമുണ്ട്. എം.വി.ബാലകൃഷ്ണൻ ജയിക്കണം. മികച്ച ഭൂരിപക്ഷത്തിൽ അതുണ്ടാകുമെന്നാണ് ഇദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് ബോധം പറയുന്നത്. ഇടതുനേതാക്കൾ പറഞ്ഞതുപോലെ കഴിഞ്ഞതവണ പറ്റിയ കയ്യബദ്ധം തിരുത്താൻ ബോധപൂർവ്വം ശ്രമിക്കണം.കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും പാരമ്പര്യമുള്ള മണ്ഡലം തിരിച്ചുപിടിക്കണമെന്നും നാരായണൻ പറയുന്നു.