madai-1

കണ്ണൂർ: ജീവിതം വീൽചെയറിലായ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ശാരീരിക മാനസികശേഷികൾ മെച്ചപ്പെടുത്താൻ ഗ്രീൻ തെറാപ്പിയെന്ന നൂതന സംവിധാനവുമായി മാടായി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ. കുട്ടികൾക്ക് സ്‌കൂൾ അനുഭവം ഉണ്ടാക്കി കൊടുക്കാനുള്ള പദ്ധതിയായ സ്പേസ് വഴി ബി.ആർ.സി മാടായിയാണ് ഇതു നടപ്പാക്കിയത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു പൂന്തോട്ടം സജ്ജമാക്കിയത്.

ഇലകളും പൂക്കളും മണ്ണും ജലവും എല്ലാം കുട്ടികളുടെ മാനസിക, ശാരീരിക വികസനത്തിനുള്ള ഉപകരണങ്ങളായി മാറുകയാണ്.വീൽചെയറിൽ ഇരുന്നുതന്നെ ഇവർക്ക് ചെടികൾ നടാനും പരിചരിക്കാനും സാധിക്കും.

പൂക്കൾക്കും ജലാശയത്തിനുമിടയിലൂടെ നീങ്ങുമ്പോൾ കുട്ടികൾ ആഹ്ളാദത്തോടെ തല ചലിപ്പിക്കുകയും കൈകൾ ഉയർത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് മാതാപിതാക്കളുടെ പ്രതികരണം. മക്കൾ പരാശ്രയമില്ലാതെ നടക്കുമെന്ന പ്രതീക്ഷ പറഞ്ഞറിയിക്കാനാകാത്ത അനുഭവമാണെന്നും ഇവർ പറയുന്നു. ബി.ആർ.സി മാടായി സ്‌പെഷ്യൽ എഡ്യുക്കേറ്റർ ബബിത കെ.പീറ്റർ, ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.രമേശൻ കടൂർ, ബി.പി.സി: എം.വി. വിനോദ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിച്ചത് . അവധിക്കാലമാണെങ്കിലും കുട്ടികൾക്കായി സ്കൂൾ തുറക്കുന്നുണ്ട്.

പ്രകൃതിതന്നെ

പാഠപുസ്തകം

1. പ്രകൃതിയെന്ന പാഠപുസ്തകത്തിൽ നിന്ന് അറിവുകൾ ആർജിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഗ്രീൻ തെറാപ്പിയിലൂടെ ചെയ്യുന്നത് പൂന്തോട്ടത്തിലെ വ്യത്യസ്ത ശബ്ദങ്ങൾ വഴി കേൾവിയുടെ അനുഭവം പ്രദാനം ചെയ്യുന്നു. വിവിധ തരത്തിലുള്ള ഇലകൾ, പൂക്കൾ, കല്ലുകൾ, വെള്ളം എന്നിവയിലൂടെ സ്പർശാനുഭവം നൽകുന്നു.

2. കാഴ്ച, കേൾവി, ഗന്ധം, സ്പർശം എന്നീ അനുഭവങ്ങളിലൂടെ പഠനം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. കുട്ടികളിൽ ഹാപ്പി ഹോർമോൺ ആയ എൻഡോർഫിൻ ഉല്പാദിപ്പിക്കപെട്ട് ശാരീരിക മാനസികോല്ലാസത്തിന് വഴിയൊരുക്കും. കുട്ടികൾ അറിയാതെ തന്നെ ഏകാഗ്രത, സഹവർത്തിത്വം എന്നിവ മെച്ചപ്പെടും

`പ്രകൃതിയിലെ ഇടപെടലുകൾക്ക് ഭിന്നശേഷി കുട്ടികളെ പങ്കാളികളാക്കി നടത്തുന്ന നൂതനമായ പരിശ്രമം മാതൃകാപരമാണ്'

-എസ്.എച്ച്. പഞ്ചാപകേശൻ,

സംസ്ഥാന ഭിന്നശേഷി കമ്മിഷണർ