
കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിമാൻഡ് റിപ്പോർട്ട് ഉയർത്തി എൽ.ഡി.എഫിനെതിരെ ആക്രമണം കടുപ്പിച്ച് യു.ഡി.എഫ്. പാർട്ടി പ്രവർത്തകർക്കോ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കോ ബോംബ് സ്‌ഫോടനവുമായി ബന്ധമില്ലെന്ന സി.പി.എം വാദത്തെ ഖണ്ഡിച്ച് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വച്ചുള്ള നീക്കമാണെന്ന റിമാൻഡ് റിപ്പോർട്ടാണ് യു.ഡി.എഫിന് ആയുധമായത്.
നിലവിൽ കേസിൽ പ്രതി ചേർത്ത മുഴുവൻ പേർക്കും ബോംബ് നിർമ്മാണവുമായി ബന്ധമുണ്ടെന്നും സ്‌ഫോടനം നടന്നിടത്ത് മണലിട്ട് തെളിവ് നശിപ്പിക്കാൻ ഡി.വൈ.എഫ്‌ഐ ഭാരവാഹികളടക്കം ശ്രമിച്ചുവെന്നും ബാക്കി വന്ന ബോംബ് ഒളിപ്പിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
സ്ഫോടനത്തിന് പിന്നിൽ ക്വട്ടേഷൻ സംഘങ്ങളാണെന്നും ഇവരെ പാർട്ടി നേരത്തേ തള്ളിപ്പറഞ്ഞതാണെന്നുമായിരുന്നു നേരത്തെ സി.പി.എം നിരത്തിയ വാദം. സ്‌ഫോടനത്തിൽ ഡി.വൈ.എഫ്.ഐയ്ക്ക് പങ്കില്ലെന്നും അറസ്റ്റിലായ നേതാക്കൾ സംഭവം അറിഞ്ഞ് അവിടെ ഓടിയെത്തിയവരാണെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വിശദീകരിച്ചത്.
രണ്ടാഴ്ച മുൻപ് കുന്നോത്ത്പറമ്പ് മേഖലയിൽ നടന്ന ആർ.എസ്.എസ് -സി.പി.എം. സംഘർഷത്തിന്റെ ഭാഗമായുള്ള പ്രത്യാക്രമണത്തിനായാണ് ബോംബ് നിർമ്മിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ഷിജാലും പരിക്കേറ്റ് ചികിത്സയിലുള്ള വിനീഷും ബോംബുണ്ടാക്കാൻ നേതൃത്വം നൽകിയെന്നും മറ്റ് അറസ്റ്റിലായ പ്രതികൾ പങ്കാളിത്തം വഹിച്ചെന്നുമാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുള്ള ബോംബുകൾ പ്രതികൾ നിർമ്മിച്ചതാണെന്നും റിപ്പോർട്ടിലുണ്ട്.
എൻ.ഐ.എയ്ക്ക് കൈമാറണമെന്ന് കോൺഗ്രസ്
പ്രതികളെ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുത്താൻ സഹായിച്ചവർ, ബോംബ് നിർമ്മാണ സാമഗ്രികൾ എത്തിച്ചു നൽകിയവർ, സ്റ്റീൽ ബോംബു നിർമ്മാണത്തിന് പരിശീലനം നൽകിയവർ ആരൊക്കെയെന്ന കാര്യങ്ങളിൽ ഇനിയും അന്വേഷണം വേണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് കണക്കിലെടുത്ത് കേസ് എൻ.ഐ.എയ്ക്ക് കൈമാറണമെന്നതാണ് കോൺഗ്രസിന്റെ ആവശ്യം.
കേന്ദ്രസേനയെ വിന്യസിക്കണം: മാർട്ടിൻ ജോർജ്
കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണം നടന്നത് തിരഞ്ഞെടുപ്പിൽ വ്യാപക അക്രമം അഴിച്ചുവിടുന്നതിനുള്ള ഗൂഢാലോചനയാണെന്ന പൊലീസ് റിമാൻഡ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്. ബോംബ് സ്‌ഫോടനത്തിൽ രാഷ്ട്രീയമില്ലെന്നും സി.പി.എമ്മിന് അതുമായി ബന്ധമില്ലെന്നും പൊലീസ് പ്രതി ചേർത്തത് രക്ഷാപ്രവർത്തനത്തിനെത്തിയവരെയാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റേയും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റേയും വിശദീകരണങ്ങളെ പൊളിച്ചടുക്കുന്നതാണ് കോടതിയിൽ അന്വേഷണോദ്യോഗസ്ഥർ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്.വ്യാപകമായി അക്രമം നടത്തി മണ്ഡലങ്ങൾ പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് വൻതോതിൽ ബോംബ് നിർമാണം നടന്നതെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു.