jayarajan

കണ്ണൂർ:ഈദ് ഗാഹുകളിൽ പങ്കെടുത്തും നമസ്കാരചടങ്ങുകൾ വീക്ഷിച്ചുമായിരുന്നു കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ജയരാജനും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരനും ചെറിയ പെരുന്നാൾ ദിനം ചിലവിട്ടത്. എം .വി ജയരാജൻ കണ്ണൂർ ജവഹർ സ്റ്റേഡിയം, മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽ ഈദ്ഗാഹിലും സിറ്റി ജുമാ മസ്ജിദ് പള്ളി, അഹമദീയ പള്ളി താവക്കര, വെത്തിലപ്പള്ളി പുതിയ ജുമാ മസ്ജിദ് പള്ളി എന്നിവിടങ്ങളിലെ പെരുനാൾ നമസ്‌കാര ചടങ്ങിലും പങ്കെടുത്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഒ.കെ.വിനീഷ്, കെ.ഷഹറാസ് ടി.വി.ജയൻ എന്നിവരും കൂടെയുണ്ടായിരുന്നു. എൽ.ഡി.എഫ് യുവജനസംഘടനകളുടെ നേതൃത്വത്തിൽ മുഴപ്പിലങ്ങാട്, അഴീക്കൽ ചാൽബീച്ച്, പുല്ലൂപ്പി എന്നിവിടങ്ങളിൽ നടന്ന ഡി.ജെ ബാൻഡ് പരിപാടിയിലും ജയരാജൻ പങ്കെടുത്തു. ചെറിയ പെരുനാൾ കണക്കിലെടുത്ത് സ്ഥാനാർത്ഥിക്ക് ഇന്നലെ പൊതു പര്യടനം ഉണ്ടായിരുന്നില്ല.

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് കണ്ണൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ രാവിലെ ഏഴരക്ക് ഹാഫിസ് അനസ് മൗലവിയുടെ നേതൃത്വത്തിൽ നടന്ന ഈദ് ഗാഹിൽ പങ്കെടുത്ത യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ഈദ് സന്ദേശം കൈമാറി. ഈദ് ഗാഹിൽ എത്തിച്ചേർന്ന പഴയകാല സുഹൃത്തുക്കളെയും, സഹ പ്രവർത്തകരെയും ആശ്ലേഷിച്ചും കുശലം പറഞ്ഞും സമയം ചിലവഴിച്ച സുധാകരൻ കുടുംബങ്ങളോടൊപ്പവും കുട്ടികളോടൊപ്പവും സെൽഫി കളുമെടുത്താണ് മടങ്ങിയത്. ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്,മേയർ മുസ്ലിഹ് മഠത്തിൽ അഡ്വ.ടി.ഒ.മോഹനൻ, തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

അതെ സമയം എൻ.ഡി.എ സ്ഥാനാർത്ഥി സി.രുഘുനാഥ് ഇന്നലെ പൊതുപര്യടനത്തിലായിരുന്നു.തോട്ടടയിൽ ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ. വേലായുധൻ പര്യടനം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ദേശീയ സമിതിയംഗം എ.ദാമോദരൻ, ജില്ലാ ജനറൽ സെക്രട്ടറി എം.ആർ.സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ. തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടാൽ, കിഴുന്നപ്പാറ, പോളി ടെക്നിക്ക്, താഴെ ചൊവ്വ, തിലാന്നൂർ, കോമത്ത് കുന്നുമ്പ്രം, തലമുണ്ട, കാഞ്ഞിരോട്, കുടുക്കിമൊട്ട, മുണ്ടേരി, ഏച്ചൂർ കോട്ടം, തക്കാളിപ്പീടിക, വാരം ടാക്കീസ്, പളളിപ്രം, വൈദ്യർപീടിക, കണ്ണോത്തുംചാൽ, താണ, താവക്കര, പഴയ സ്റ്റാൻഡ്, താളിക്കാവ്, ആയിക്കര എന്നീ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം തയ്യിൽ സമാപിച്ചു. സമാപന സമ്മേളനം യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അജികുമാർ കരിയിൽ, ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരൻ കാരാട്ട്, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്രീകുമാർ കൂടത്തിൽ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.