
കാസർകോട്: വെണ്ണയുണ്ടെങ്കിൽ നറുനെയ്യ് വേറിട്ട് കരുതേണ്ട എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന നിലപാടാണ് ആശയപരമായി ബി.ജെ.പിക്കാരായി കഴിഞ്ഞ കോൺഗ്രസുകാരുടേതെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം എം.പി. അവർ എങ്ങാനും പാർലമെന്റിൽ എത്തിയാൽ എന്താണ് അവസ്ഥ. ഇന്നത്തെ കോൺഗ്രസ് ഇന്ന് ഉച്ചയ്ക്ക് ബി.ജെ.പിയാണ്. ഇതാണ് ശരി. കോൺഗ്രസ് ഹിമാചലിലേക്ക് ജയിക്കാൻ പറഞ്ഞുവിട്ട മനു അഭിഷേക് സിംഗ്‌വി തോറ്റുപോയി. കോൺഗ്രസിനായിരുന്നു അവിടെ വോട്ട് കൂടുതൽ . രാവിലെ 10മണിക്ക് ഒന്നിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഇവരെല്ലാം 11 മണിക്ക് ബി.ജെ.പിയായി. കേരളത്തിലുള്ള യു.ഡി.എഫ് സ്ഥാനാർത്ഥികളിൽ പലരും ഇങ്ങനെ തന്നെയാണ്. കണ്ണൂരിലെ സ്ഥാനാർത്ഥി ആർ.എസ്.എസിന് ശാഖ നടത്താൻ സഹായം ചെയ്തയാളാണ്. തിരുവനന്തപുരത്തെ സ്ഥാനാർത്ഥി ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട നടത്തിയ പ്രസ്ഥാവന തന്നെ ആർ.എസ്.എസിന് അനുകൂലമായിരുന്നു. ഗാന്ധിജിയെ മറന്ന കോൺഗ്രസ് .നെഹ്റുവിനെ ഒറ്റുകൊടുക്കുന്ന കോൺഗ്രസ് അതാണ് പുത്തൻ കോൺഗ്രസുകാരെന്നും ബിനോയ് വിശ്വം പറഞ്ഞു.
'കേരള സ്റ്റോറി പ്രദർശിപ്പിച്ച് ബി.ജെ.പി രാഷ്ട്രീയത്തിന് ആക്കം കൂട്ടുന്നു"
കേരള സ്റ്റോറി ഒരിക്കലും കേരളത്തിന്റെ യഥാർത്ഥ സ്റ്റോറി അല്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി പറഞ്ഞു. കാസർകോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം ജനസഭ 2024ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെട്ടടങ്ങിയ കേരള സ്റ്റോറി തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും കൊണ്ടുവന്നത് ബി.ജെ.പി അജണ്ടയാണ്. ചില ക്രിസ്ത്യൻ മത അദ്ധ്യക്ഷൻമാർ കേരള സ്‌റ്റോറി പ്രദർശിപ്പിക്കുകയാണ്. യാഥാർത്ഥ്യവുമായി ഒരു ബന്ധമില്ലാത്തതാണ് അത്. ആർ.എസ്.എസിന്റെ ആശയങ്ങളെ ഇവർ വെള്ളപൂശുകയാണ്. മാന്യതയുടെ കുപ്പായം തുന്നിക്കൊടുക്കുന്നവർ ആരായാലും അവർ ചെയ്യുന്നതെന്താണെന്ന് ആലോചിക്കണം.മതേതരത്വത്തിന്റെതും ചേർത്തുപിടിക്കലിന്റേതുമാണ് യഥാർത്ഥ കേരള സ്റ്റോറി- ബിനോയ് വിശ്വം പറഞ്ഞു.
മണിപ്പൂർ സ്റ്റോറിയും ഗുജറാത്ത് സ്റ്റോറിയും മൂടിവെക്കാൻ ശ്രമിക്കുന്ന ബിജെപി രാഷ്ട്രീയത്തിന്റെ സൃഷ്ടിയാണ് കേരള സ്റ്റോറി. ഇതാണ് ചില കേന്ദ്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ലൗ ജിഹാദ് എന്ന വിഷയത്തെ രാഷ്ട്രീയ പ്രശ്നമാക്കി മാറ്റി സമൂഹത്തിൽ ഭിന്നതയുടെ വിത്ത് വിതക്കാനാണ്. ചിന്തിക്കുന്ന എല്ലാ ഇന്ത്യാക്കാരും വിശ്വസിക്കുന്നത് മതേതരത്വമാണ് ഇന്ത്യയുടെ ഭാവിയെന്നാണ്. അതിന് വേണ്ടി നിൽക്കുന്ന പക്ഷം ഇടതുപക്ഷമാണെന്ന തിരിച്ചറിവിൽ എല്ലാവരും ഒരുങ്ങി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.പത്മേഷ് സ്വാഗതം പറഞ്ഞു.