election

കണ്ണൂർ: പാർലമെന്റ് തിരഞ്ഞെടുപ്പിന് വെറും രണ്ടാഴ്ച്ച മാത്രം ബാക്കി നിൽക്കെ പ്രചാരണം അതിന്റെ തീവ്രതയിലേക്ക് കടക്കുന്നു. കൊടുംചൂടിൽ ഉരുകുമ്പോഴും ഇതൊന്നും വകവെക്കാതെയാണ് സ്ഥാനാർത്ഥികളുടെ പര്യടനം പുരോഗമിക്കുന്നത്. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കാനുള്ള സമയം ഇക്കുറി സ്ഥാനാർത്ഥികൾക്ക് ലഭിച്ചിരുന്നു.

രാവിലെ ഒമ്പതോടെ തുടങ്ങുന്ന സ്ഥാനാർത്ഥി പര്യടനം രാത്രി ഏറെ വൈകിയാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്.

സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനാണ് ആദ്യഘട്ടത്തിൽ കൂടുതൽ പ്രധാന്യം നൽകിയിരുന്നെങ്കിലും അവസാനഘട്ടത്തോട് അടുക്കുമ്പോൾ ബോർഡ്, പോസ്റ്റർ, പൊതുയോഗങ്ങൾ, ചുവരെഴുത്ത് എന്നിങ്ങനെ പരമ്പരാഗത രീതിയിലേക്കും തിരഞ്ഞെടുപ്പ് ഗാനങ്ങളിലേക്കും മറ്റും മാറിയിട്ടുണ്ട്. ഉത്സവപറമ്പുകൾ, വിവാഹ വീടുകൾ തുടങ്ങി ആളുകൾ കൂടുന്ന സ്ഥലങ്ങളിലെല്ലാം സ്ഥാനാർത്ഥികൾ പര്യടനത്തിന് എത്തുന്നുണ്ട്. കനത്ത ചൂടിനെ മറികടന്നുള്ള പര്യടനത്തിൽ ഓരോ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സ്വീകരണം സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും ആവേശം പകരുകയാണ്.

ഓട്ടത്തിൽ ഒപ്പത്തിനൊപ്പം
നിലവിൽ എൽ.ഡി.എഫ് ഏറെ കുറെ അവസാനഘട്ട പര്യടനത്തിലേക്ക് കടന്നിട്ടുണ്ട്. സിറ്റിംഗ് എം.പിയും കെ.പി.സി.സി അദ്ധ്യക്ഷനുമായ കെ.സുധാകരൻ വൈകിയാണ് ഇറങ്ങിയതെങ്കിലും പ്രചാരണരംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞു.

പ്രചാരണവീഡിയോകളും റെഡി
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. വി .ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തയ്യാറാക്കിയ വീഡിയോ ഇതിനോടകം പുറത്തു വന്നു. കാൽടെക്സിലെ എൽ.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സി.പി. എം കേന്ദ്രകമ്മിറ്റി അംഗം പി. കെ. ശ്രീമതിയാണ് പ്രകാശനം നിർവ്വഹിച്ചത്.യു.ഡി.എഫിന്റെ പ്രചരണ വീഡിയോയും സൈബർ വിംഗ് തയ്യാറാക്കി കഴിഞ്ഞുകഴിഞ്ഞു.എൻ.ഡി.എയും പ്രചരണ വീഡിയോ ഇറക്കുന്നുണ്ട്.


ആരെ വരിക്കും കണ്ണൂർ.

പരമ്പരാഗതമായി യു.ഡി.എഫ് മനസ്സും ആഞ്ഞുപിടിച്ചാൽ എൽ.ഡി.എഫിനൊപ്പവും എന്നതാണ് കണ്ണൂർ മണ്ഡലത്തിന്റെ പൊതുചിത്രം. മണ്ഡല ചരിത്രത്തിന്റെ നല്ലൊരുകാലവും യു.ഡി.എഫിനൊപ്പമായിരുന്നു. ജില്ലയിലെ 11 മണ്ഡലങ്ങളിൽ പയ്യന്നൂരും കല്യാശ്ശേരിയും കാസർകോട് ലോക് സഭ മണ്ഡലത്തിലാണ്. തലശ്ശേരിയും കൂത്തുപറമ്പും വടകരയിലും. കണ്ണൂർ, തളിപ്പറമ്പ്, ധർമടം, മട്ടന്നൂർ, ഇരിക്കൂർ, അഴീക്കോട്, പേരാവൂർ എന്നിവ ഉൾപ്പെടുന്നതാണ് കണ്ണൂർ ലോക് സഭ മണ്ഡലം. ഇതിൽ ഇരിക്കൂറും പേരാവൂരും യു.ഡി.എഫിനൊപ്പവും ശേഷിക്കുന്ന അഞ്ച് മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പവും എന്നതാണ് നിയമസഭ കക്ഷിനില. കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ മുന്നണികൾ തമ്മിൽ ബലാബലമാണ്.

കണ്ണൂർ ജില്ല

ആകെ വോട്ടർമാർ 2116876

പുതിയ വോട്ടർമാർ 62720

സ്ത്രീകൾ 1114246

പുരുഷന്മാർ 1002622

ട്രാൻസ്ജെൻഡേഴ്സ് 8

നിയോജകമണ്ഡലം വോട്ടർമാർ
പയ്യന്നൂർ (കാസർകോട്)​ - 186495

കല്ല്യാശ്ശേരി (കാസർകോട്)​191543

തളിപ്പറമ്പ് (കണ്ണൂർ)​221295

ഇരിക്കൂർ(കണ്ണൂർ)​ 197680

അഴീക്കോട് (കണ്ണൂർ)​185094

കണ്ണൂർ(കണ്ണൂർ)​ 178732

ധർമ്മടം (കണ്ണൂർ)​199115

തലശ്ശേരി (വടകര)​ 178601

കൂത്തുപറമ്പ് (വടകര)​ 201869

മട്ടന്നൂർ (കണ്ണൂർ)​195388

പേരാവൂർ(കണ്ണൂർ)​ 181064

14800 പോസ്റ്റൽ വോട്ടുകൾ
കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലത്തിലേക്കായി ആകെ 14800 പോസ്റ്റൽ ബാലറ്റുകളാണ് എ.ആർ.ഒമാർക്ക് വിതരണം ചെയ്തത്. ഭിന്നശേഷിക്കാർ, 85 വയസ്സു കഴിഞ്ഞ മുതിർന്ന പൗരൻമാർ, അവശ്യസർവീസ് ആബ്സന്റി വോട്ടർമാർ എന്നിവരെ വോട്ട് ചെയ്യിക്കാനുള്ള പോസ്റ്റൽ ബാലറ്റുകളാണ് കൈമാറിയത്.

നിയമസഭ മണ്ഡലം, പോസ്റ്റൽ ബാലറ്റ് എണ്ണം

തളിപ്പറമ്പ് 2300

ഇരിക്കൂർ 2400

അഴീക്കോട് 1500

കണ്ണൂർ 1600

ധർമടം 2500

മട്ടന്നൂർ 2500

പേരാവൂർ 2000