തലശ്ശേരി: വേനൽച്ചൂട് കൂടിക്കൊണ്ടിരിക്കെ അഭിഭാഷക സമൂഹത്തിന് ഹൈക്കോടതിയിൽ നിന്നും ആശ്വാസ വാർത്തയെത്തി. ചൂടിന്റെ കാഠിന്യം കൂട്ടുന്ന കറുത്ത കോട്ടും ഗൗണും മേയ് 31 വരെ കോടതിയിൽ ധരിക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ ഉത്തരവ്. ഹൈക്കോടതിയിൽ ഹാജരാവുന്ന അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കണമെന്നില്ല. ജില്ലാ കോടതികളിൽ ഹാജരാവുന്ന അഭിഭാഷകർ വെളുത്ത ഷർട്ടും കോളർ ബാന്റും ധരിച്ചാൽ മതി. കോട്ടും ഗൗണും നിർബന്ധമില്ല.
ചൂടുകാലത്ത് കറുത്ത കോട്ടും ഗൗണും ധരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ചർച്ചയാവുന്നതിനിടെ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ചാണ് ഹൈക്കോടതിയിൽ നിന്നും ഇളവ് പുറത്ത് വന്നത്.
നേരത്തെ കൊവിഡ് പിടിമുറുക്കിയ ദിവസങ്ങളിൽ മാത്രമേ കോട്ടും ഗൗണും അഭിഭാഷകർ മാറ്റിയിരുന്നുള്ളൂ. പിന്നീട് എല്ലാം പതിവിൻ പടിയായി. ചൂട് നേരിടാൻ ചൂരിദാർ ധരിച്ച് കോടതിയിൽ ഹാജരാവാൻ അനുമതി തേടി വനിതാ ജുഡീഷ്യൽ ഓഫീസർമാരും നേരത്തെ ഹൈക്കോടതി രജിസ്ട്രാർക്ക് അപേക്ഷ നൽകിയിരുന്നു. നിലവിലുള്ള ഡ്രസ് കോഡ് പ്രകാരം സാരിയും വെളുത്ത കോളർ ബാന്റും കറുത്ത ഗൗണുമാണ് ന്യായാധിപമാർ ധരിക്കേണ്ടത്. 1970 ലാണ് ഈ ഡ്രസ് കോഡ് നിലവിൽ വന്നത്. എന്നാൽ കാലവും കാലാവസ്ഥയും മാറിയ സാഹചര്യത്തിലും വനിതാ ന്യായാധിപരുടെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല.
ബ്രിട്ടീഷ് കാലത്തെ സമ്പ്രദായം
നിലവിൽ അഭിഭാഷകരുടെ വസ്ത്രത്തെ പറ്റി വ്യക്തമായ ചട്ടങ്ങൾ ഇല്ലാത്തതിനാൽ ബ്രിട്ടീഷ് ഭരണകാലത്തെ സമ്പ്രദായമാണ് കോടതികളിൽ ഇപ്പോഴും പിന്തുടരുന്നത്. വേനൽക്കാലത്ത് കീഴ്‌ക്കോടതികളിലെ അഭിഭാഷകർ കറുത്ത കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്ന് 2016 ൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ എട്ട് വർഷത്തിന് ശേഷം പതിവിലേറെ ചൂടുമായി ഇത്തവണ എത്തിയ വേനൽക്കാലത്തും കറുപ്പ് മേൽവസ്ത്രധാരണത്തിന് മാറ്റമേതും വന്നിട്ടില്ല.
കോടതിയിൽ കറുത്ത കോട്ടും ഗൗണുമാണ് അഭിഭാഷകരുടെ അന്തസ്സും അടയാളവും. അത് ഉപേക്ഷിച്ചാൽ വക്കീലിനെ ആരും തിരിച്ചറിയില്ല.
ജില്ലാ ഗവ.പ്ലീഡറും പ്രോസിക്യൂട്ടറുമായ അഡ്വ. കെ.അജിത്ത് കുമാർ
വസ്ത്രധാരണ ഇളവിന്റെ കാര്യത്തിൽ അഭിഭാഷകർക്ക് സ്വന്തം ഇഷ്ടംപോലെ ചെയ്യാം. ഒരു നിയന്ത്രണവുമില്ല.
ജില്ലാ കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജി.പി.ഗോപാലകൃഷ്ണൻ