
പരിയാരം: കടന്നപ്പള്ളിയിൽ നിന്നും ദേശീയപാത നിർമ്മാണത്തിനായി വേണ്ടി മണ്ണ് കടത്തി കൊണ്ടു പോകുന്ന ലോറികൾ ചന്തപ്പുരയിൽ നാട്ടുകാർ തടഞ്ഞു. ടാർപോളിൻ കൊണ്ട് മൂടാതെ മണ്ണ് കടത്തുന്നത് മൂലം അനിയന്ത്രിതമായി ഉയരുന്ന പൊടി സമീപത്തെ വീടുകളിലും കടകളിലും ശ്യല്ലമാകുന്നതായി ആരോപിച്ചാണ് ഇന്നലെ രാവിലെ നാട്ടുകാർ സംഘടിച്ച് ലോറികൾ തടഞ്ഞത്. പൊടിമണ്ണ് ശല്യം തടയാൻ ചില ദിവസങ്ങളിൽ റോഡിൽ വെള്ളം നനക്കാറുണ്ടെങ്കിലും അതൊന്നും പരിഹാരം ആകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മണ്ണെടുപ്പ് കാരണം ചന്തപ്പുരവിളയാങ്കോട് റോഡും പൂർണമായും തകർന്നു. മണ്ണെടുപ്പിന് ശേഷം റോഡ് ടാർ ചെയ്തു തരാമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ടാർ ചെയ്തതിനുശേഷം മണ്ണെടുത്താൽ മതി എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വിവരമറിഞ്ഞ് പരിയാരം പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗവുമായും ചർച്ച നടത്തി.