
ചിറ്റാരിക്കൽ: ഹൈമാസ്റ്റ് ലൈറ്റുകളിൽ ഒതുങ്ങുന്നതാണ് കാസർകോട് എം.പി നടപ്പാക്കിയ വികസനമെന്നും ആരോഗ്യ - വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിൽ സമ്പൂർണ്ണ പരാജയമാണെന്നും എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ.അശ്വിനി. ചിറ്റാരിക്കാലിലെ സ്വീകരണയോഗത്തിൽ സംസാരിക്കുകായിരുന്നു അവർ. ദേശീയപാതവികസനം ഒഴിച്ചു നിർത്തിയിൽ ജില്ലയിലെ അടിസ്ഥാനസൗകര്യ മേഖലയിൽ പറയത്തക്ക യാതൊരു പുരോഗതിയും കാണാനില്ല. ജില്ലയിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ ദീർഘ വീക്ഷണത്തോടെയുള്ള ഒരു നടപടിയും ഉണ്ടായില്ല. ഉന്നതവിദ്യാഭ്യാസം നേടി കാസർകോട് ജില്ലയിലേക്ക് മടങ്ങിയെത്താൻ താത്പ്പര്യപ്പെടുന്നവർക്ക് നിക്ഷേപങ്ങൾ നടത്താനോ സംരംഭങ്ങൾ തുടങ്ങാനോ ഉള്ള സാഹചര്യമില്ല. മണ്ഡലത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഗണിക്കുന്ന പ്രകടനപത്രികയാണ് എൻ.ഡി.എ പുറത്തിറക്കിയിട്ടുള്ളതെന്നും എംഎൽ അശ്വിനി പറഞ്ഞു. ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.കെ.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് സി വി.സുരേഷ്, ജനറൽ സെക്രട്ടറിമാരായ പി.രാജീവൻ, ടി.ടി.സാഗർ, സിജോ തെരുവപ്പുഴ, ജോസഫ് പടിഞ്ഞാറയിൽ, ബേബി ഫ്രാൻസിസ്, ഷിജു ഈസ്റ്റ് എളേരി എന്നിവർ പങ്കെടുത്തു.
.