പയ്യന്നൂർ: ചരിത്ര പ്രാധാന്യമുള്ള പയ്യന്നൂർ പൊലീസ് മൈതാനം നവീകരിച്ച് സ്വാതന്ത്ര്യത്തിന്റെ

75-ാം വാർഷിക സ്മാരകമായി മാറ്റുന്ന പ്രവൃത്തിയുടെ ഭാഗമായി പദ്ധതി രൂപകൽപന തയ്യാറാക്കുന്നതിന് ടി.ഐ.മധുസൂദനൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങിയ സംഘം മൈതാനം സന്ദർശിച്ചു.

1928 ൽ പയ്യന്നൂരിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ജവഹർലാൽ നെഹ്‌റു സംസാരിച്ചത് ഈ മൈതാനിയിൽ വച്ചായിരുന്നു. ടി.ഐ.മധുസൂദനൻ എം.എൽ.എ.യുടെ ഇടപെടലിനെ തുടർന്ന്, ചരിത്ര പ്രസിദ്ധമായ മൈതാനം സംരക്ഷിക്കുന്നതിന് 2023 -24 വർഷത്തെ സംസ്ഥാന ബഡ്‌ജറ്റിൽ സർക്കാർ ഒരു കോടി രൂപ വകയിരുത്തിയിരുന്നു. ഏതാണ്ട് ഒരു വർഷം മുൻപ് വരെ വിവിധ കേസുകളിൽ പൊലീസും മറ്റ് അധികൃതരും പിടികൂടുന്നതും വിവിധ കേസുകളിൽ പെട്ടതുമായ വാഹനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഡമ്പിംഗ് യാർഡ് ആയാണ് മൈതാനം ഉപയോഗപ്പെടുത്തിയിരുന്നത്. ഡമ്പിംഗ് യാർഡ് നിർമ്മിക്കുന്നതിനായി കോറോം വില്ലേജിൽ ഒരു ഏക്കർ ഭൂമി സർക്കാർ അനുവദിക്കുകയും വാഹനങ്ങൾ മാറ്റുകയും ചെയതോടെയാണ് മൈതാനം വൃത്തിയാക്കി പൂർവ്വസ്ഥിതിയിലാക്കിയത്. നവകേരള സദസിനായി മുഖ്യമന്ത്രി പങ്കെടുത്ത പൊതുയോഗമാണ്, ശേഷം മൈതാനത്ത് നടന്നത്.

സ്വാതന്ത്ര്യസമര ചരിത്രം ഓർമ്മിപ്പിക്കുന്ന സ്മാരകം, ഓപ്പൺ സ്റ്റേജ്, വാക്ക് വേ തുടങ്ങിയവയാണ് മൈതാനത്തിന്റെ നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഒന്നാം ഘട്ടത്തിൽ ഒരുക്കുന്നത്. എം.എൽ.എ. യെ കൂടാതെ നഗരസഭ ചെയർപേഴ്‌സൺ കെ.വി.ലളിത, ഡിവൈ.എസ്.പി എ.ഉമേഷ്, പൊതുമരാമത്ത് ആർക്കിടെക്ട് വിഭാഗം ഉദ്യോഗസ്ഥരായ ജിഷി ദിവാകരൻ, സിന്ധു, പൊതുമരാമത്ത് അസി.എക്സി എൻജിനീയർ സവിത, അസി: എൻജിനീയർ സുനോജ്, സബ് ഇൻസ്‌പെക്ടർമാരായ സത്യൻ, പ്രകാശൻ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.