mecheri

തലശ്ശേരി: മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിലെ ആദ്യ തിരഞ്ഞെടുപ്പ് അന്ന് ഫ്രഞ്ച് കോളനിയായിരുന്ന മയ്യഴിയിൽ ഇരുന്ന് കണ്ട ഓർമ്മയിലാണ് 86 കാരനായ ചെറുകല്ലായിലെ മേച്ചേരി രാഘവൻ.ഇന്ത്യ സ്വതന്ത്രമായ ശേഷം 1952 ൽ ഈ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മയ്യഴി ഫ്രഞ്ചുകാരുടെ ഭരണത്തിലായിരുന്നു.

കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ കിസാൻ മസ്ദൂർ പ്രജാപാർടിയും, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയും ഐക്യമുന്നണിയെന്ന നിലയിലാണ് മത്സരിച്ചത്.തലശ്ശേരി പാർലിമെന്റ് മണ്ഡലത്തിൽ പി.കുഞ്ഞിരാമൻ വക്കീലിനെ പരാജയപ്പെടുത്തി നെട്ടൂർ പി.ദാമോദരനും, കണ്ണൂരിൽ നിന്ന് സംസ്ഥാന കോൺഗ്രസ്സ് പ്രസിഡന്റ് സി.കെ.ഗോവിന്ദൻ നായരെ തോൽപ്പിച്ച് എ.കെ.ജിയും അന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം നടന്ന മദിരാശി സംസ്ഥാനത്തേക്കുള്ള അസംബ്ലി തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ കോൺഗ്രസിലെ കെ.പി.രാഘവൻ നായരെ തോൽപ്പിച്ചത് സിഎച്ച്.കണാരൻ.

മെഗാ ഫോൺ ഉപയോഗിച്ച് കവലകൾ തോറുമുള്ള പ്രചാരണത്തിനായിരുന്നു അന്ന് പ്രിയം. മാഹി പാലം മുതൽ പെരിങ്ങത്തൂർ കടവ് വരെ മഹാത്മാ സർവ്വീസ് ബോട്ടിലും പ്രചരണം നടത്തും. നീലം കൊണ്ടുള്ള ചുമരെഴുത്തും എടുത്തുപറയണം.തിരഞ്ഞെടുപ്പ് യോഗങ്ങളിൽ നാടകങ്ങൾ,ഹാസ്യ കലാപ്രകടനങ്ങൾ, തമിഴ് പാരഡിഗാനങ്ങൾ എന്നിവയുണ്ടാകും. വി.ആർ.കൃഷ്ണയ്യർ, കെ.പി.ഗോപാലൻ, ടി.സി.നാരായണൻ നമ്പ്യാർ, കല്ലറോത്ത് മാധവൻനമ്പ്യാർ, പി.കെ.ഗോപാലകൃഷ്ണൻ, പി.കുഞ്ഞൻ തുടങ്ങി മലബാറിൽ നിന്ന് എട്ട് കമ്മ്യൂണിസ്റ്റുകാരാണ് അന്ന് മദിരാശി നിയമസഭയിലെത്തിയത്.
1955ൽ ആദ്യമായി പുതുച്ചേരി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഫ്രഞ്ച് അനുകൂല സംഘടനയായ എഫ്.എൻ.ഡിയും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടിയും ചേർന്ന് ജനമുന്നണിയായി മത്സരിച്ചു.പുതുച്ചേരിയിലെ കമ്മ്യൂണിസ്റ്റ് നേതാവ് വി.സുബ്ബയ്യ മാഹിയിലെത്തിയാണ് ജന മുന്നണിക്ക് രൂപം നൽകിയത്. മാഹിയിലെ മൂന്ന് അസംബ്ലി സീറ്റുകളിലേക്കും പന്ത്രണ്ട് മുൻസിപ്പൽ സീറ്റിലേക്കും മത്സരം നടന്നു. അസംബ്ലിയിൽ രണ്ടെണ്ണം ജനമുന്നണിയും ഒന്ന് കോൺഗ്രസ്സും നേടി. മുൻ സിപ്പാലിറ്റിയിൽ ഏഴെണ്ണം ജനമുന്നണിയും മൂന്നെണ്ണം കോൺഗ്രസ്സും രണ്ടെണ്ണം മഹാജനസഭയും നേടി. പുതുച്ചേരി മന്ത്രിസഭാ രൂപീകരണത്തിന് തൊട്ട് മുമ്പ് എഫ്.എൻ.ഡി നേതാവ് എഡ്വേർഡ് ഗുബേർ കോൺഗ്രസ്സിലേക്ക് കൂറുമാറി. അതിന്റെ പിന്നാലെ മാഹിയിലെ വി.എൻ.പുരുഷോത്തമനും കോൺഗ്രസ്സിലെത്തി. ജനമുന്നണി ശിഥിലമായതോടെ മാഹി നഗരസഭാ ഭരണം കോൺഗ്രസ്സിന് വീണുകിട്ടി.


കോൺഗ്രസ് തള്ളിയ 'കൈപ്പത്തി"
"48ൽ കൊള്ളയടിച്ച മുറിയൻ കൈക്ക് വോട്ടില്ല" എന്നായിരുന്നു 1955 ലെ മയ്യഴി തെരഞ്ഞെടുപ്പിൽ മഹാജനസഭക്കെതിരെ കോൺഗ്രസ്സ് വിളിച്ച ഒരു മുദ്രാവാക്യം. മഹാജനസഭയുടെ കൈപ്പത്തിയാണ് പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഔദ്യോഗിക ചിഹ്നമായി. പന്തക്കലിൽ നിന്ന് വി.എൻ.പുരുഷോത്തമനും ചാലക്കരയിൽ നിന്ന് മുച്ചിക്കൽ പത്മനാഭനും മാഹിയിൽ നിന്ന് സി.ഇ.ഭരതനുമാണ് പുതുച്ചേരി നിയമസഭയിലെത്തിയത്. സി.ഇ.ഭരതൻ പുതുച്ചേരി വിദ്യാഭ്യാസ മന്ത്രിയുമായി. സി.ഇ.ഭരതൻ മന്ത്രിയായിരുന്നപ്പോഴാണ് ചെറുകല്ലായിയിൽ വിമോചനപോരാളികളായിരുന്ന അച്ചുതന്റേയും അനന്തന്റേയും പേരിൽ സ്കൂൾ തുറന്നത്. പള്ളൂരിലെ സ്പിന്നിംഗ് മിൽ കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. കേരളത്തിൽ പശപച്ചരി നൽകിയപ്പോൾ കാരിക്കലിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന മുത്തുച്ചമ്പ ഒരാൾക്ക് പന്ത്രണ്ട് ഔൺസ് നിരക്കിൽ മാഹിയിൽ കിട്ടിയ കാലമായിരുന്നു അത്. മാഹിയിലെ മൂന്ന് അസംബ്ലി മണ്ഡലം പിന്നീട് ഒന്നായി ചുരുങ്ങി.