
ഏഴിലോട്: തീയ്യ ക്ഷേമസഭ മല്ലിയോട്ട് മേഖലാ കമ്മിറ്റി 21ന് സംഘടിപ്പിക്കുന്ന തീയ്യ മഹാസമ്മേളനത്തിന്റെ ഭാഗമായി കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിൽ സ്ഥാപിച്ച ഫ്ളക്സുകൾ രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതിൽ ക്ഷേമസഭ മല്ലിയോട്ട് മേഖല കമ്മിറ്റി പ്രതിഷേധിച്ചു. പൊതുവിൽ സമാധാന അന്തരീക്ഷം നിലനിൽക്കുന്ന കുഞ്ഞിമംഗലത്ത് കലാപ അന്തരീക്ഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് സംശയിക്കുന്നു. തീയ്യ സമുദായ കാവുകളിലേക്കുള്ള രാഷ്ട്രീയ അധിനിവേശത്തിനും തീയ്യ സമുദായ ശ്മശാനങ്ങൾ പൊതുവത്കരിക്കുന്നതിന് എതിരെയുമാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. മറ്റെല്ലാ സമുദായങ്ങളും സംഘടിക്കുമ്പോൾ പരസ്യമായും രഹസ്യമായും പിന്തുണ നൽകുന്ന രാഷ്ട്രീയ കക്ഷികൾ തീയ്യ സമുദായം സംഘടിക്കുമ്പോൾ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തീയ്യക്ഷേമ സഭ മല്ലിയോട്ട് മേഖല സെക്രട്ടറി കൃഷ്ണൻ കാവിനകത്ത്, ബാലൻ പോള, കെ.പവിത്രൻ, പി.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.