
മട്ടന്നൂർ:നിർമ്മാണം നടത്തി രണ്ടു വർഷത്തിനുള്ളിൽ ചോർച്ചയുണ്ടായ കാരയിലെ പഴശ്ശി കനാൽ തുരങ്കം യു.ഡി.എഫ്. നേതാക്കൾ സന്ദർശിച്ചു. നിർമാണവുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവരുമെന്ന് അവർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. പ്രളയത്തിൽ തകർന്ന കാരയിലെ മെയിൻ കനാലും റോഡും അഞ്ചു കോടിയിലധികം രൂപ ചെലവഴിച്ചാണ് പുതുക്കിപ്പണിതത്. നിർമാണം നടത്തി രണ്ടു വർഷം തികയുന്നതിനിടെയാണ് കനാലിന്റെ തുരങ്കത്തിൽ വ്യാപകമായി ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ഇതെ തുടർന്ന് നിർമ്മാണത്തിൽ അപാകം ആരോപിച്ച് നാട്ടുകാർ പ്രതിഷേധമുയർത്തിയിരുന്നു. എ.കെ.രാജേഷ്, വി.എൻ.മുഹമ്മദ്, പി.രാഘവൻ, കെ.വി.ജയചന്ദ്രൻ, കെ.മനീഷ്, ഷബീർ എടയന്നൂർ, സുരേഷ് ബാബു, എം.കെ.കുഞ്ഞിക്കണ്ണൻ, ജലീൽ എളമ്പാറ തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ചത്.